പത്തനംതിട്ട: നഗരസഭാ സ്റ്റേഡിയം സ്വകാര്യ ക്ലബിന് ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ വിട്ടു കൊടുത്തതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭാ റവന്യു സുപ്രണ്ടിനെ ഉപരോധിച്ചു. പത്തനംതിട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലബ്ലിന് ഡിസംബർ മാസം പത്ത് മുതൽ 16 വരെയും 2020 ജനുവരി 15 മുതൽ 23 വരെയുമുള്ള ദിവസങ്ങളിൽ ജില്ലാ സ്റ്റേഡിയം വിട്ടുനൽകിയതിൽ ക്രമക്കേട് നടന്നതായാണ് ആരോപണം. സംഘാടകർ നൽകിയ അപേക്ഷയിൽ സ്റ്റേഡിയം വിട്ടു നൽകാൻ ഏതെങ്കിലും ഇളവ് ആവശ്യപ്പെട്ടിട്ടില്ല എന്നിരിക്കെ ഒരു കോൺഗ്രസ് കൗൺസിലറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സൗജന്യമായി സ്റ്റേഡിയം വിട്ടു നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചതെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.
ക്ലബ് നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളിൽ നിന്ന് 8000 രൂപ ഈടാക്കിയിരുന്നു. 36 ടീമുകളാണ് പങ്കെടുത്തത്. ഒന്നാം സമ്മാനമായി 75000 രൂപയും രണ്ടാം സമ്മാനമായി 30000 രൂപയും നൽകുന്നുണ്ട്. സർക്കാർ സംഘടിപ്പിക്കുന്നതോ സ്‌പോട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്നതോ ആയ കായിക മേളകൾക്ക് മാത്രമാണ് സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകാൻ അനുവാദമുള്ളത്. എന്നാൽ, അപേക്ഷകർ ആവശ്യപ്പെടാതെ സ്റ്റേഡിയം സൗജന്യമായി വിട്ടുനൽകിയെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
സ്റ്റേഡിയത്തിന് ഒരു ദിവസം വാടകയായി നിശ്ചയിച്ചിട്ടുള്ള 3213 രൂപ വീതം ക്രിക്കറ്റ് ടൂർണ്ണമെന്റ് നടക്കുന്ന 16 ദിവസത്തെ വാടക അടക്കാൻ ക്ലബ്ബ് ഭാരവാഹികൾക്ക് നോട്ടീസ് നൽകും എന്ന് നഗരസഭാ സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്നാണ് കൗൺസിലർമാർ ഉപരോധ സമരം അവസാനിപ്പിച്ചത്. പി.കെ.അനീഷ്, ആർ.ഹരീഷ്, ജോൺസൻ, അശോകൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.