പത്തനംതിട്ട: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടി കൈയിൽ നിന്ന് ചെലവഴിച്ച പണം തിരിച്ചുകിട്ടാൻ പ്രഥമാദ്ധ്യാപകരുടെ കാത്തിരിപ്പ് ഇനി നീളും. പുതുതായി ആവിഷ്‌കരിച്ച ബിംസിലൂടെയാണ് ഇനി പണം നൽകുന്നത്. ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം എന്ന (ബിംസ്) പേരിൽ ധനവകുപ്പാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ബിംസിൽ നിന്ന് പണം പിൻവലിക്കാൻ ട്രഷറി മുഖേന ബിൽ സമർപ്പിക്കണം.
വിലക്കയറ്റവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായ ഉച്ചഭക്ഷണ പദ്ധതിയുടെ പേരിൽ പ്രഥമാദ്ധ്യാപകർക്കുള്ള ബാദ്ധ്യത പുതിയ സംവിധാനം ഇരട്ടിപ്പിക്കും. ഉച്ചഭക്ഷണത്തിന് ചെലവാകുന്ന തുക പ്രഥമാദ്ധ്യാപകന്റെ അക്കൗണ്ടിലേക്ക് ഇപ്പോൾ നേരിട്ട് നൽകുകയാണ് . ഓരോ സ്‌കൂളിലും ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള തുക കണക്കാക്കിയാണ് പണം നൽകിവന്നിരുന്നത്.
------------
പുതിയ നിയമം
ഉച്ചഭക്ഷണത്തിന് ചെലവാകുന്ന തുകയും ബില്ലും വൗച്ചറുകളും അടക്കം വിദ്യാഭ്യാസ ഓഫീസിലും പിന്നീട് ട്രഷറിയിലും സമർപ്പിക്കണം. ഇതു പാസാക്കിയെങ്കിൽ മാത്രമേ ബിംസിൽ നിന്ന് പണം അക്കൗണ്ടിലേക്ക് മാറു. പണം ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നു മാത്രമല്ല, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ചെറിയ ചെലവുകൾക്കുപോലും ബില്ലും വൗച്ചറും കരുതേണ്ടി വരും.
------------------------
പാലും മുട്ടയും മസ്റ്റ് !
നൽകുന്നത് 8 രൂപ
ഉച്ചഭക്ഷണത്തിന് നിലവിൽ പ്രതിദിനം ഒരു കുട്ടിക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത് എട്ട് രൂപയാണ്. 150 കുട്ടികൾ വരെയുള്ള സ്‌കൂളിലാണ് ഒരു കുട്ടിക്ക് എട്ട് രൂപ . 151 മുതൽ 500 വരെ കുട്ടികളുള്ള സ്‌കൂളിൽ ഏഴ് രൂപ ലഭിക്കും. 501 നു മുകളിൽ ആറു രൂപയാണ് നൽകുന്നത്.
നാലുമാസത്തെ പണം പ്രഥമാദ്ധ്യാപകർക്ക് കുടിശികയായുണ്ട്. പലവ്യഞ്ജനം, പച്ചക്കറി, മുട്ട, പാൽ, പാചകവാതകം എന്നിവയ്‌ക്കെല്ലാം കൂടിയാണ് ഈ തുക നൽകുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മെനു അനുസരിച്ചാണ് ഭക്ഷണം തയാറാക്കേണ്ടത്. എല്ലാദിവസവും ഉച്ചഭക്ഷണ വിവരം കൃത്യമായി പ്രഥമാദ്ധ്യാപകൻ ബന്ധപ്പെട്ടവർക്ക് നൽകുകയും വേണം.
ആഴ്ചയിൽ ഒരു മുട്ടയും രണ്ടു തവണ പാലും നിർബന്ധമാണ്. മുട്ടയ്ക്ക് ആറ് രൂപ വിലയുണ്ട്. മുട്ട കറി ആക്കണമെങ്കിൽ സവാളയ്ക്ക് വൻ വിലയാണ്. ഇതിനിടെ ചെലവാകുന്ന പണത്തിനുവേണ്ടി വിദ്യാഭ്യാസ ഓഫീസുകളും ട്രഷറികളും കയറിയിറങ്ങേണ്ട സാഹചര്യവുമാണ് വരാൻ പോകുന്നത്.
-------------------------
> കിട്ടാനുളളത് നാല് മാസത്തെ തുക
-------------------------------------
"
വിപണിയിൽ വില കുതിച്ചുയർന്നതോടെ സർക്കാർ അനുവദിച്ചിട്ടുള്ള പണം തികയില്ല. വൻ നഷ്ടം സഹിച്ചാണ് ഉച്ചഭക്ഷണം പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.
വി.എൻ.സദാശിവൻ പിള്ള
കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി