തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 10 -ാമത് ശിവഗിരി തീർത്ഥാടന പദയാത്ര 27ന് പുറപ്പെടും. രാവിലെ 6.30ന് യൂണിയൻ ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ സ്വാഗതം ആശംസിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പീതപതാക കൈമാറും. യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തും. ശിവഗിരി തീർത്ഥാടന കമ്മിറ്റി കൺവീനർ ഡോ. കെ.ജി.സുരേഷ് സന്ദേശം നൽകും. യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ കൃതജ്ഞത രേഖപ്പെടുത്തും. 27 ന് രാവിലെ തിരുവല്ല യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്ന് പുറപ്പെടുന്ന പദയാത്ര മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ചവറ, കൊല്ലം, ചാത്തന്നൂർ, വർക്കല യൂണിയനുകളുടെ സ്വീകരണം ഏറ്റുവാങ്ങി 30ന് ഉച്ചയോടെ ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.
പദയാത്രയിൽ പങ്കെടുക്കുന്നവർ തിരുവല്ല യൂണിയൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0469 2700093.

പീതാംബരദീക്ഷ 17ന്
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു പത്തുദിവസത്തെ പഞ്ചശുദ്ധി വ്രതം അനുഷ്ഠിക്കുന്നതിന്റെ ഭാഗമായുള്ള പീതാംബരദീക്ഷ സ്വീകരിക്കൽ 17ന് രണ്ടിന് തിരുവല്ല യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പദയാത്രികർക്ക് പീതാംബരദീക്ഷ നൽകും.