കൂടൽ: തെരുവു നായയുടെ കടിയേറ്റ് രണ്ടാഴ്ചയായി അലഞ്ഞു നടന്ന വയോധികന് ഒടുവിൽ ചികിത്സയും സംരക്ഷണവും. തമിഴ്നാട് സ്വദേശി ആണ്ടവൻ (65) നെ ആണ് ജില്ലാ ഭരണകൂടത്തിന്റെയും, സാമൂഹ്യക്ഷേമ വകുപ്പിന്റേയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്ന് അടൂർ മഹാത്മജന സേവന കേന്ദ്രം ഏറ്റെടുത്തത്. രണ്ടാഴ്ച മുമ്പാണ് കൂടൽ ഭാഗത്ത് വച്ച് തെരുവുനായ കടിച്ചത്. കുത്തിവയ്പ് എടുക്കാനായി കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഇതിനു വഴങ്ങാതെ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടായത്. മഹാത്മ സേവാകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ വിവരം അറിയിച്ചതിനെ തുടർന്ന് മഹാത്മ പ്രവർത്തകർ എത്തി കലഞ്ഞൂർ വലിയ പള്ളിക്കു സമീപം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു. കൂടൽ എസ്.ഐ സേതുനാഥൻ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോജ് കുമാർ, ഗ്രാമ പഞ്ചായത്തംഗം തോമസ് ഈപ്പൻ എന്നിവർ ചേർന്ന് അനുനയിപ്പിച്ച് വൃദ്ധനെ വാഹനത്തിൽ കയറ്റുകയായിരുന്നു. ആണ്ടവൻ ഇപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.