തിരുവല്ല: മലങ്കര സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി നടപ്പാക്കാത്തതിലും വിഘടിത വിഭാഗം പള്ളികൾക്കും കുരിശടികൾക്കും വിശ്വാസികൾക്കും നേരേ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചും മലങ്കര ഓർത്തഡോക്സ് സഭ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 15ന് പ്രതിഷേധറാലിയും സമ്മേളനവും നടക്കും. ഉച്ചയ്‌ക്ക് ശേഷം 2.30ന് ആലന്തുരുത്തി ജംഗ്ഷനിൽ നിന്ന് നിരണം വലിയ പള്ളിയിലേക്ക് നടത്തുന്ന പ്രതിഷേധറാലി ബസേലിയോസ് മാർത്തോമ പൗലോസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലീത്തമാരും സഭാസ്ഥാനികളും വൈദീകരും വിശ്വാസികളും പങ്കെടുക്കും. തുടർന്ന് നിരണം പള്ളിയങ്കണത്തിൽ നടക്കുന്ന മഹാസമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. സഭയുടെ വക്താവ് ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ വിഷയാവതരണം നടത്തും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ, വൈദീക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, നിരണം പള്ളി വികാരി ഫാ.വർഗീസ് മാത്യു എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുമെന്നും ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സെക്രട്ടറി ഫാ.അലക്‌സാണ്ടർ ഏബ്രഹാം, അഡ്വ.ബിജു ഉമ്മൻ, മത്തായി ടി.വർഗീസ് എന്നിവർ അറിയിച്ചു.