പത്തനംതിട്ട ഗവി വനത്തിൽ കഴിഞ്ഞിരുന്ന ആദിവാസി കുടുംബത്തെ ഇറക്കിവിട്ടതല്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ. മൂന്നു മാസമായി രവീന്ദ്രനും കുടുംബവും കൊച്ചുപമ്പയിൽ കെ.എസ്.ഇ.ബി ജീവനക്കാർ താമസിക്കുന്ന ഒരു ക്വാർട്ടേഴ്‌സിന്റെ ഭാഗം കൈയേറിയിരിക്കുകയായിരുന്നു. നാല് മുതിർന്നവരും മൂന്നു കുട്ടികളും ഉൾപ്പെടുന്നതായിരുന്നു കുടുംബം. രവീന്ദ്രൻ മിക്ക ദിവസവും മദ്യപിച്ച് കുട്ടികളേയും അമ്മയേയും ഉപദ്രവിക്കുമായിരുന്നു. പലതവണ ഇത് തടയാൻ ചെന്ന തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഇവർ തമ്മിലുള്ള വഴക്കിനിടെ മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ ശരീരത്ത് ഡീസൽ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കാന്റീൻ ജീവനക്കാരും ചേർന്ന് ഇതുതടഞ്ഞ് കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തന്നെ കുട്ടിയേയും കുടുംബത്തേയും 500 രൂപ നൽകി വണ്ടിപ്പെരിയാറിലെ ആശുപത്രിയിലേക്ക് അയച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. രണ്ടാഴ്ച കഴിഞ്ഞ് ഇവർ കൊച്ചുപമ്പയിൽ തിരിച്ചെത്തി വീണ്ടും വഴക്കും സംഘർഷവുമായി. ഈ സംഭവം ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മൂഴിയാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി വൈദ്യുതലൈൻ അറ്റകുറ്റപ്പണിക്കുള്ള കരാർ ജീവനക്കാരെ കൊച്ചുപമ്പ കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സിൽ താമസിപ്പിക്കാറുണ്ട്. ഇത്തവണ അവർക്ക് താമസസൗകര്യം ഒരുക്കാൻ വേണ്ടിയാണ് ക്വാർട്ടേഴ്‌സ് കൈയേറിയ കുടുംബത്തെ ഒഴിപ്പിച്ചതെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.