ശബരിമല: നീലിമലയ്ക്കും സന്നിധാനത്തിനുമിടയ്ക്കുള്ള അപ്പാച്ചിമേട്ടിലെ കാർഡിയോളജി സെന്ററിൽ ഈ തീർത്ഥാടനകാലത്ത് ചികിത്സ തേടിയെത്തിയത് 6510 പേർ. ഇതിൽ പ്രകടമായ ഹൃദ്രോഗാവസ്ഥയുടെ ലക്ഷണങ്ങളുള്ള 50 ഓളം പേരെ വിദഗ്ധ ചികിത്സക്കായി പമ്പ ഹോസ്പിറ്റൽ, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് റഫർ ചെയ്തതായും മെഡിക്കൽ ഓഫീസർ ഡോ. സോണിക് അറിയിച്ചു. ഒരു ഹൃദ്രോഗ വിദഗ്ധൻ, അസ്ഥി രോഗവിദഗ്ധൻ, ജനറൽ ഫിസിഷ്യൻ, രണ്ട് അസിസ്റ്റന്റ് സർജൻമാർ എന്നിവരടങ്ങുന്ന സംഘമാണ് അപ്പാച്ചിമേടിലെ കാർഡിയോ സെന്ററിൽ ഉള്ളത്. ഇവരെ സഹായിക്കാൻ രണ്ട് സ്റ്റാഫ് നഴ്സ്, മൂന്ന് അറ്റൻഡർമാർ, മൂന്ന് നഴ്സിംഗ് അസിസ്റ്റന്റുമാർ, ഒരു സ്റ്റോർ കീപ്പർ, രണ്ട് ഫാർമസിസ്റ്റ്, മൂന്ന് സ്പെഷ്യൽ പ്യൂൺ എന്നിവരടങ്ങുന്ന പാരാ മെഡിക്കൽ സംഘവുമുണ്ട്.
വിദഗ്ധ ചികിത്സ ആവശ്യമായ രോഗികളെ അയ്യപ്പ സേവാസംഘം പ്രവർത്തകരാണ് സ്ട്രെച്ചറിൽ പമ്പയിൽ എത്തിക്കുന്നത്.