പത്തനംതിട്ട : ദുരന്തങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകളെ ഓരോ പ്രദേശത്തും സന്നദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ അഗ്‌നിരക്ഷാ വകുപ്പിന് കീഴിൽ കേരള സിവിൽ ഡിഫൻസ് എന്ന വിഭാഗം രൂപീകരിക്കുന്നു.
നിലവിൽ 124 ഫയർ സ്റ്റേഷനുകൾക്ക് അനുബന്ധമായി 50 പേരടങ്ങുന്ന ഓരോ സിവിൽ ഡിഫൻസ് യൂണിറ്റാണ് രൂപീകരിക്കുന്നത്. അത്തരത്തിൽ കേരളത്തിലാകെ 6200 സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ആദ്യ ഘട്ടത്തിൽ കേരളത്തിലുണ്ടാകും.
മത്സ്യത്തൊഴിലാളികൾ, ആദിവാസി വിഭാഗത്തിലുള്ളവർ തുടങ്ങിയവരുടെ പ്രാതിനിധ്യം ഉണ്ടാകും. സന്നദ്ധതയുള്ള യുവാക്കളും യുവതികളും സിവിൽ ഡിഫൻസിന്റെ ഭാഗമാകും. ഡോക്ടർമാർ, എൻജിനിയർമാർ, വിരമിച്ച ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ജനകീയ ദുരന്ത പ്രതികരണ സേനയിൽ ഉണ്ടാകും. 30 ശതമാനം വനിതാ പ്രാതിനിധ്യവും കണക്കാക്കും.
തിരഞ്ഞെടുപ്പും പരിശീലനവും
വോളണ്ടിയർമാരുടെ മുൻകാല പ്രവർത്തനം, സ്വഭാവ സവിശേഷത എന്നിവ പരിശോധിച്ച് യോഗ്യത ഉറപ്പാക്കും. സമഗ്ര പരിശീലനം ഇവർക്ക് നൽകും. വ്യക്തിത്വ വികസനം, മാനസിക പിരിമുറുക്കം കുറയ്ക്കൽ ഉൾപ്പെടെ പരിശീലനം ഉണ്ടാകും. പ്രകൃതി ദുരന്തം മാത്രമല്ല, വാഹനാപകടങ്ങളും മറ്റെല്ലാ പ്രശ്‌നങ്ങളും നേരിടാനാവുന്ന സേനയായി ഇതിനെ മാറ്റും. ഏകോപിപ്പിക്കാൻ ഡയറക്ടറേറ്റും ഉണ്ടാകും.
പ്രവർത്തനങ്ങൾ
സോഷ്യൽ മീഡിയയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തും.
അടുത്ത ഘട്ടത്തിൽ ആധുനിക സാങ്കേതികവിദ്യാ സഹായത്തോടെ തൽസമയ വിവരവിനിമയ സംവിധാനം ഉൾപ്പെടുത്തി കൂടുതൽ വിപുലമാക്കും.
ദുരന്തങ്ങളെ അതിജീവിക്കാൻ കൃത്യമായ അവബോധം ജനങ്ങൾക്ക് നൽകണം.
വിവിധ രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് അനുഭവങ്ങൾ മാതൃകയാക്കും.
"എന്ത് അത്യാഹിതങ്ങൾ ഉണ്ടായാലും അവയെ ചെറുത്ത് തോൽപിക്കാൻ നമുക്ക് കഴിയണം. അതിന് കഴിവുള്ള ഒരു സന്നദ്ധ സേന നമുക്ക് ഉണ്ടാകണം . പരസ്പരമുള്ള കൂട്ടായ്മയിലൂടെയും, ചിട്ടയായ പരിശീലനത്തിലൂടെയും മാത്രമേ ദുരന്തങ്ങൾ ഏൽപ്പിക്കാൻ സാദ്ധ്യതയുള്ള ആഘാതങ്ങളെ നമുക്ക് മറികടക്കാൻ കഴിയൂ. അഗ്‌നിരക്ഷാ വകുപ്പിന് കീഴിൽ രൂപീകൃതമായിട്ടുള്ള കേരള സിവിൽ ഡിഫൻസിൽ എല്ലാവരും അംഗമാകണം "
വി. വിനോദ് കുമാർ
ജില്ലാ ഫയർഫോഴ്സ് ഓഫീസർ
കേരളത്തിലാകെ 6200 സിവിൽ ഡിഫൻസ് സേനാംഗങ്ങൾ
സിവിൽ ഡിഫൻസിൽ രജിസ്റ്റർ ചെയ്യുന്നതിന് cds.fire.kerala.govt.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക