കൊടുമൺ: കൂടൽ ചന്ദനപ്പളളി റോഡിൽ ഒറ്റത്തേക്കിനും കോമാട്ടുമുക്കിനും ഇടയ്ക്ക് നാലിടത്തെ പാതാളക്കുഴി അപകട ഭീഷണി ഉയർത്തുന്നു. പി.ഡബ്ലു.ഡി വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിലുളള തർക്കമാണ് കുഴിമൂടാതിരിക്കാൻ കാരണം. കൊടുമൺ വളളിക്കോട് പഞ്ചായത്തുകൾക്ക് കുടിവെളളം നൽകുന്നതിനുവേണ്ടി ജപ്പാൻ കുടിവെളള പദ്ധതിപ്രകാരം ജലഅതോറിറ്റി നടപ്പിലാക്കിയ പദ്ധതിയാണ് കൊടുമൺ വളളിക്കോട് ശുദ്ധജലവിതരണപദ്ധതി. അച്ഛൻകോവിലാറ്റിലെ താഴൂർക്കടവിൽ നിന്നും അങ്ങാടിയ്ക്കൽ വടക്ക് സിയോൺകുന്നിലേക്ക് പമ്പുചെയ്യുന്ന വെളളം ഗ്രാവിറ്റി ഫ്ളോവഴി പാണൂർ മുരുപ്പിലെ ടാങ്കിൽ എത്തിച്ചാണ് കൊടുമൺ പഞ്ചായത്തിൽ കുടിവെളളം വിതരണം ചെയ്യുന്നത്. ഈ പൈപ്പാണ് പൊതുമരമത്ത് വകുപ്പ് കോൺട്രാക്ടർ കുഴിതോണ്ടിപൊട്ടിച്ചത്. അവിടെ തുടങ്ങി രണ്ടു വകുപ്പുകളും തമ്മിൽ തർക്കം. പൈപ്പ് ആര് നന്നാക്കണം ? മഹാത്മ ജനസേവന കേന്ദ്രത്തിന്റെ അങ്ങാടിക്കൽ യൂണിറ്റിൽ അൻപതിൽപ്പരം അനാഥരുണ്ട്. ഇവർക്ക് കഴിഞ്ഞ ഒരു മാസമായി തുളളിവെളളംകിട്ടാനില്ല. ആരാണിതിനുത്തരവാദി ജല അതോറിറ്റിയോ പൊതുമരാത്തോ? പരാതി പറഞ്ഞ് മടുത്തെന്നാണ് പ്രദേശവാസികളുടെ ആരോപിക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരും.