കോന്നി: താലൂക്കിലെ വന്യമൃഗശല്യത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് അഖിലേന്ത്യാ കിസാൻ സഭ കോന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ അറിയിച്ചു.കോന്നി താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലേയും കൃഷിക്കാർ ഭീഷണിയിലാണ്. കാട്ടുപന്നികളുടെ എണ്ണത്തിലുണ്ടായ വമ്പിച്ച വർദ്ധനവ് ഭീതിജനകമാണ്.ആന,കുരങ്ങ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വൻതോതിൽ കൃഷി നശിപ്പിക്കുന്നു.വന്യ മൃഗങ്ങളും പന്നിയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാണ്.കൃഷി നശിപ്പിക്കുന്ന പന്നിയെ വെടിവെച്ച് കൊല്ലാൻ ഉത്തരവുണ്ടെങ്കിലും അത് നടപ്പിലാക്കുവാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. കൃഷി നാശം വരുത്തുന്ന പന്നികളെയും മറ്റും കൊന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും ജയിലിലടക്കുകയുമാണ് ചെയ്യുന്നത്.ഈ പ്രശ്‌നം അതീവ ഗൗരവത്തോടെ സർക്കാർ കാണണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.സംസ്ഥാന സെക്രട്ടറി എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൂടൽ ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ,സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രൻപിള്ള,സെക്രട്ടറി ജിജി ജോർജ്ജ്, കെ രാജേഷ്, കെ. എൻ. സത്യാനന്ദപ്പണിക്കർ,പി.സി. മാത്യു,വി.ബി.ശ്രീനിവാസൻ,കാടുതല ബാബു,ഇളമണ്ണൂർ സേതുകുമാർ,എസ്.ആദർശ്, റെജി ചെങ്കിലേത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഇളമണ്ണൂർ സേതുകുമാർ (പ്രസിഡന്റ്),വി.ബി.ശ്രീനിവാസൻ (സെക്രട്ടറി),സി.വി രാജൻ,മിനിമോഹൻ (സഹഭാരവാഹികൾ) എന്നിവരെ തിരഞ്ഞെടുത്തു.