മല്ലപ്പള്ളി: സാഹിത്യകാരൻമാർ ചരിത്രം തിരുത്തിയെഴുതുന്നവരുടെ പിണിയാളുകൾ ആകരുതെന്ന് കവി ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലകളുടെ വിളനിലങ്ങളിലെ കളപറിക്കുന്നവരായ പുരോഗമന ആശയക്കാരുടെ ഇടപെടീലുകൾ എല്ലാമേഖലയിലും ആവശ്യമായിരിക്കുന്ന കാലഘട്ടമാണിതെന്നും അശ്‌ളീലമെന്ന് ഇപ്പോൾ ആരോപിക്കുന്ന പല സാഹിത്യസൃഷ്ടികളിലും മോശമായ രചനകൾ മതങ്ങൾ ആരാധനകൾക്കും മറ്റുമായി ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യത തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി കോന്നിയൂർ ബാലചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ, ബുക്ക് മാർക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രൻ, പ്രൊഫ. ജി രാജശേഖരൻ നായർ, സുധീഷ് വെൺപാല, റെജി ശാമുവേൽ, ബിനു വറുഗീസ്, കെ.പി. രാധാകൃഷ്ണൻ, രമേശ് ചന്ദ്രൻ, എബി കോശി ഉമ്മൻ, അജിത് തിരുമൂല തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 10ന് സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ കെ.കെ. വിജയകുമാർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്യും.