ശബരിമല: സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. സ്‌​പെഷ്യൽ ഓഫീസർ ആർ ആദിത്യയുടെ നേതൃത്വത്തിലാണ് പുതിയ സി.ഫേസ് ബാച്ച്. ആർ വിശ്വനാഥ അഡീഷണൽ സ്‌​പെഷ്യൽ ഓഫീസറും പൃഥ്വിരാജ് അസി. സ്‌​പെഷ്യൽ ഓഫീസറുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 1345 പൊലീസുകാരാണ് സി ഫേസിൽ ഡ്യൂട്ടിയിലുള്ളത്.

സോപാനം, കൊടിമരം, പതിനെട്ടാംപടി, പ്രധാന നടപ്പന്തൽ, വെർച്വൽ ക്യൂ, മാളികപ്പുറം, മരക്കൂട്ടം, ശരംകുത്തി, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് പൊലീസിന്റെ സേവനം ലഭിക്കുന്നത്. സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചുമതല ഒഴിയുന്ന സ്‌​പെഷ്യൽ ഓഫീസർ ഡോ. ശ്രീനിവാസ് പുതിയ ബാച്ചിനുള്ള നിർദേശങ്ങൾ നൽകി. അയ്യപ്പൻമാരുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും ആവശ്യമായ ജാഗ്രതാ നിർദേശങ്ങൾ നൽകുകയും വേണം. തീർത്ഥാടകരുടെ തിരക്ക് കൂടുമ്പോൾ സമചിത്തത കൈവിടാതെ സേവനം ചെയ്യണം. പതിനെട്ടാം പടിയിൽ അയ്യപ്പൻമാരെ സൂക്ഷ്മതയോടെ കയറ്റിവിടണമെന്നും അദ്ദേഹം നിർദേശിച്ചു.

പമ്പയിലും മൂന്നാം ബാച്ച് ശനിയാഴ്ച ചുമതലയേറ്റു. സ്‌​പെഷ്യൽ ഓഫീസർ ഷാജി സുഗുണനാണ് ചുമതല. അങ്കിത് അശോകനാണ് അഡിഷണൽ സ്‌​പെഷ്യൽ ഓഫീസർ. 633 പൊലീസുകാരാണ് യു ടേൺ, ഗണപതി കോവിൽ, ഹിൽടോപ്പ്, ത്രിവേണി, കൺട്രോൾ റൂം തുടങ്ങിയ സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടാവുക.
ഡിസംബർ 14 മുതൽ 29 വരെയാണ് പമ്പയിലും സന്നിധാനത്തും പുതിയ ബാച്ചിന് സുരക്ഷാ ചുമതലയുള്ളത്.