പത്തനംതിട്ട : മായം കലരാത്ത പച്ചക്കറികൾ മാത്രമല്ല മത്സ്യവും കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണ് പ്രവാസിയായ എബി മാത്യു. 14 വർഷത്തെ പ്രവാസജീവിതത്തിൽ നിന്ന് ചെറിയൊരിടവേളയെടുത്ത് നാട്ടിൽ മത്സ്യകൃഷി തുടങ്ങിയിരിക്കുകയാണ് പ്രക്കാനം പ്ലാക്കൂടത്തിൽ എബി മാത്യു (47). ഫോർമാലിൻ കലർന്ന മത്സ്യവിപണി നാട് കീഴടക്കുമ്പോൾ എന്തുകൊണ്ട് സ്വന്തമായി മത്സ്യ കൃഷി ചെയ്ത് കൂടാ എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനൊരു ആശയത്തിലേക്ക് എബി എത്തുന്നത്.

കുഞ്ഞുന്നാളിലെ മത്സ്യങ്ങളെ വളർത്താൻ താൽപര്യമുണ്ടായിരുന്നുവെന്ന് എബി പറയുന്നു. പക്ഷെ ഇപ്പോഴാണ് ഇതൊരു വരുമാന മാർഗമാക്കാമെന്ന് തോന്നിയത്. നാട്ടിലെത്തി ആദ്യം 45 സെന്റ് വരുന്ന മൂന്നു കുളങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ആരംഭിക്കുകയായിരുന്നു. മൂന്നു മീറ്റർ ആഴമുള്ള ഇവ വലകൾ ഉപയോഗിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്.

ഫിഷറീസിൽ നിന്ന് നാല് മാസം പ്രായമുള്ള കരിമീനുകളെ ജോഡിക്ക് 150 രൂപ നിരക്കിലും ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞിനെ ആറ് രൂപ നിരക്കിലുമാണ് വാങ്ങിയത്. കിലോയ്ക്ക് 30 രൂപ നിരക്കിൽ ലഭ്യമാക്കുന്ന ഗ്രോവൽ എന്ന മീൻ തീറ്റയാണ് ഇവയ്ക്ക് നൽകുന്നത്.
മൂന്നു കുളത്തിലായി ഏകദേശം അമ്പതിനായിരത്തോളം മീനുകളുണ്ട്. മാസത്തിലൊരിക്കൽ വെള്ളം വറ്റിച്ച് മീനുകളെ സമീപ കുളത്തിലേക്ക് മാറ്റിയ ശേഷമാണ് കുളം വൃത്തിയാക്കുന്നത്. കുളത്തിന്റെ അറ്റകുറ്റപ്പണിക്കും മറ്റുമായി ഫിഷറീസിൽ നിന്ന് സബ്‌സിഡികളും മറ്റു സഹായങ്ങളും ലഭിക്കുന്നുണ്ട്. മത്സ്യകൃഷി കൂടുതൽ വികസിപ്പിക്കാനുള്ള ആലോചനയിലാണ് എബി.
ഭാര്യ റിനുവിന്റെയും മക്കളായ ഏബൽ, എയ്ഞ്ചൽ, അലോന എന്നിവരുടെയും പൂർണ പിന്തുണയുമുണ്ട്. അടുത്തമാസം അവസാനത്തോടെ വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് എബി.