ശബരിമല: മണ്ഡല ​ മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്ന് ശനിയാഴ്ച വരെ വരവിനത്തിൽ ആകെ 104, 72,72,797 രൂപ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞവർഷം ഇത് 64 കോടി രൂപയായിരുന്നു. ഇത്തവണ അരവണ വിൽപ്പന ഇനത്തിൽ 43 കോടി രൂപയും കാണിക്ക വരവിൽ 35കോടി രൂപയും താമസവാടക ഇനത്തിൽ 1.8കോടി രൂപയും അഭിഷേക ഇനത്തിൽ 84 ലക്ഷം രൂപയും ലഭിച്ചു. 2017ലെ വരവിനെ അപേക്ഷിച്ച് ഇത്തവണ പത്ത് കോടി രൂപയുടെ കുറവുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ 40 കോടിയുടെ വർദ്ധനവ് ഇത്തവണയുണ്ട്. 2017ൽ ശബരിമലയിലേത് റെക്കാഡ് വരുമാനമായിരുന്നു. ഈ തീർഥാടനകാലത്ത് അഞ്ച്‌​കോടിയോളം രൂപയുടെ നാണയങ്ങൾ എണ്ണാനുണ്ട്.