പത്തനംതിട്ട : മല്ലപ്പള്ളി - പുല്ലാട് റോഡ് പണി അടുത്തമാസം ആരംഭിക്കും. ടെൻഡർ നടപടികൾ പൂർത്തിയായി ഈ ആഴ്ച തന്നെ കരാർ ഒപ്പുവയ്ക്കും. വഴിനടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് റോഡിപ്പോൾ. അപകടകരമായ വളവുകൾ അടക്കമുള്ള റോഡിൽ നിറയെ കുഴികളാണ്. ഇരുചക്രവാഹനക്കാർ ദിവസവും അപകടത്തിൽപ്പെടുന്നുണ്ട്. ജലഅതോറിട്ടി പൈപ്പിടാൻ പൊളിച്ച റോഡാണ് ഇപ്പോൾ വലിയ കുഴിയായി മാറിയിരിക്കുന്നത്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും മാത്രമാണ് ഇപ്പോൾ ഇൗ റോഡിലൂടെ യാത്രചെയ്യുന്നത്. മറ്റ് വാഹന യാത്രക്കാർ ദൂരകൂടുതൽ ആണെങ്കിലും മറ്റ് വഴികളെ ആശ്രയിക്കുകയാണ്.

പുല്ലാട് - മല്ലപ്പള്ളി ഹൈസ്കൂൾപ്പടി 13 കി.മീ

ചെലവിടുന്നത് : 12 കോടി

മഴപെയ്താൽ കുളമാകും

നിറയെ കുഴി നിറഞ്ഞ റോഡിൽ മഴയായാൽ കുളമാകും. വെയിലായാൽ നിറയെ പൊടിയാകും. കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസ് നടക്കുന്ന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പ വഴിയുമാണിത്.

പാളിപോയ പദ്ധതി

മുമ്പ് മക്കിട്ട് കുഴി നികത്താൻ നടപടി ആരംഭിച്ചെങ്കിലും അത് പാളി പോകുകയായിരുന്നു. കുഴി നികത്താൻ മക്കിട്ടെങ്കിലും അവ ഇളകി റോഡിൽ നിരന്നു. റോഡിലെ മെറ്റൽ ഭൂരിഭാഗവും മഴയത്ത് ഒലിച്ചു പോയിരിക്കുകയാണ്. മുമ്പത്തേതിനേക്കാൾ വലിയ കുഴികളും ചരലുകളുമാണ് ഇപ്പോൾ റോഡിൽ.

ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഈ ആഴ്ച തന്നെ കരാർ ഒപ്പ് വയ്ക്കും. അടുത്തമാസം തന്നെ നടപടി പൂർത്തിയാക്കി റോഡ് പണി ആരംഭിക്കും. മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്."

കൊല്ലം ദേശീയ പാത അധികൃതർ