അടൂർ: പത്തു ദിവസത്തെ അധ്വാനം, 38 സ്ത്രീ തൊഴിലാളികൾ.
..അവരുടെ കരുത്തിൽ രൂപം കൊണ്ടത് കോട്ടപ്പുറത്തു നിന്നും ഊട്ടി മുക്കിലേക്ക് കനാൽ കരയിലൂടെ മറ്റൊരു സമാന്തര റോഡ്. നഗരസഭ മൂന്നാം വാർഡിലെ അയ്യൻകാളി തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘശക്തിയിൽ രൂപം നൽകിയ റോഡ് ഇന്ന് രാവിലെ 9.30ന് ചിറ്റയം ഗോപകുമാർ എം.എൽ.എ നാടിന് സമർപ്പിക്കും.വാർഡ് കൗൺസിലർ ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിക്കും.വനിതാ തൊഴിലാളികളെ നഗരസഭ ചെയർപേഴ്സൺ ഷൈനി ബോബി ചടങ്ങിൽ ആദരിക്കും. ഇതോടെ മന്നത്തും വിള, പണ്ടാരത്തിൽ,മേൽച്ചിറ,അംബേദ്കർ ലക്ഷം വീട് കോളനി,പന്നിവിഴ പുത്തൻചന്ത എന്നിവിടങ്ങളിൽ എത്താൻ ദൈർഘ്യം കുറഞ്ഞ വഴിയൊരുങ്ങി. കോട്ടപ്പുറം പാലത്തിന് വടക്കുഭാഗത്തു കൂടി വർഷങ്ങളായി കാടുമൂടി ഉയർന്നും താണും കിടന്ന ചെറിയൊരു നടവഴിയാണ് 4 മീറ്ററോളം വീതിയുള്ള വഴിയായി രൂപം പ്രാപിച്ചത്.സ്ത്രീ കരുത്തിൽ മണ്ണ് വെട്ടിനിരത്തി തടസമായി നിന്ന മരങ്ങളും മുറിച്ച് മാറ്റി നിർമ്മിച്ച റോഡ് നിരവധി കുടുംബങ്ങൾക്ക് ചുറ്റി കറങ്ങാതെ വീടുകളിൽ എത്താൻ സഹായകമായി. നിലവിൽ പുത്തൻചന്ത വഴി കറങ്ങി വേണമായിരുന്നു ഈ പ്രദേശങ്ങളിലുള്ളവർ എത്തി കൊണ്ടിരുന്നത്. കനാലിന് കുറുകെ ഊട്ടി മുക്കിലുള്ള നടപ്പാലം ഉണ്ടെങ്കിലും ഇതുവഴി വാഹനം കടന്നു പോകില്ല. പുതിയ വഴി പന്നിവിഴ എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിന് മുന്നിൽ എത്തിചേരും.ഇവിടെ നിന്ന് പുത്തൻചന്തയിലേക്കും അടൂർ ഹോളിക്രോസ് ഭാഗത്തേക്കുമുള്ള റോഡിലേക്കും പോകുന്നതിന് നിലവിൽ പാതയുണ്ട്.
ഇപ്പോൾ നിർമ്മിച്ചത് മണ്ണ് റോഡ് ആയതിനാൽ മഴക്കാലത്ത് മണ്ണൊലിച്ച് റോഡ് തകരും. ഇത് ഒഴിവാക്കാൻ റോഡ് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.
ആർ.സനൽ കുമാർ കൗൺസിലർ
(അടൂർ നഗരസഭ)
വനിതകളുടെ കരുത്തിൽ നിർമ്മിച്ച റോഡ് നിരവധി ആളുകൾക്ക് പ്രയോജനമാകുന്നതിനൊപ്പം ഒരു പ്രദേശത്തിന്റെ വികസനത്തിനും വഴിതെളിക്കും.
ഷാജി ഉദയഭാനു
(പ്രദേശവാസി)
10 ദിവസത്തെ അധ്വാനം, 250 മീറ്ററിൽ പുതിയ റോഡ്
-റോഡ് വെട്ടിയത് നഗരസഭ മൂന്നാം വാർഡിലെ
38 സ്ത്രീ തൊഴിലുറപ്പുതൊഴിലാളികൾ
പ്രയോജനം ..........
മന്നത്തും വിള, പണ്ടാരത്തിൽ,മേൽച്ചിറ,അംബേദ്കർ ലക്ഷം വീട് കോളനി,പന്നിവിഴ പുത്തൻചന്ത എന്നിവിടങ്ങളിൽ എത്താൻ വേഗം എത്താം.