പത്തനംതിട്ട :എക്‌സ് സർവീസ് മെൻ പങ്കാളിത്ത ആരോഗ്യ പദ്ധതിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്
കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് നേതൃത്വത്തിൽ വിമുക്ത സൈനികരുടെ രാജ്ഭവൻ മാർച്ചും ധർണയും 18ന് തിരുവനന്തപുരത്ത് നടക്കും . രാവിലെ 10 ന് ശശി തരൂർ എം.പി മാർച്ച് ഉദ്ഘാടനം ചെയ്യും.

പ്രതിരോധ മന്ത്രാലയത്തിലെ വിമുക്ത സൈനിക ക്ഷേമ വകുപ്പിന്റെ പ്രധാന പദ്ധതിയാണ് ഇ. സി. എച്ച്. എസ്. വിമുക്ത സൈനികരിലെ പെൻഷൻകാർക്കും അവിടെ ആശ്രിതർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പുനൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എന്നാൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ കുറെ നാളുകളായി വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ഭാരവാഹികൾ പറഞ്ഞു .പോളിക്ലിനിക്കുകളിൽ മരുന്നിന്റെ ലഭ്യത കുറവാണ് വലിയ പ്രശ്‌നം . ഫണ്ടുകളുടെ അഭാവം കാരണം സീനിയർ എക്‌സിക്യൂട്ടീവ് മെഡിക്കൽ ഓഫീസർമാർക്ക് സപ്ലൈ ഓർഡറുകൾ യഥാസമയം നൽകാനും കഴിയുന്നില്ല. കേന്ദ്ര സർക്കാരിൽ നിന്ന് മതിയായ ഫണ്ട് വകയിരുത്താത്തതാണ് പ്രധാന കാരണം. എം പാനൽഡ് ആശുപത്രികളിലേക്കുള്ള റഫറുകളിൽ
നിയന്ത്രണം ഏർപ്പെടുത്തിയത് ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ഗുണഭോക്താക്കൾക്ക് മറ്റ് റീജണൽ സെന്ററിലെ പ്രധാന ആശുപത്രികളിൽ നേരിട്ട് പോകുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത് നിരവധി ദുരിതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്
വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പത്മകുമാർ അങ്ങാടിക്കൽ, ജില്ലാ ട്രഷറർ എസ്.പത്മകുമാർ,ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി പി. .കെ.ആനന്ദൻ കുട്ടി എന്നിവർ പങ്കെടുത്തു .