ഇളമണ്ണൂർ: കാട്ടുപന്നി ശല്യത്തിൽ കൃഷി നിറുത്താൻ തീരുമാനിച്ച് ഏനാദിമംഗലത്തെ കർഷകർ.വർഷങ്ങളായി കാട്ടുപന്നി ശല്യം നേരിടുന്ന ഏനാദി മംഗലത്തെ കർഷകരുടേതാണ് ഈ കടുത്ത തീരുമാനം. കാട്ടുപന്നി ആക്രമണത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്താൽ സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും എടുക്കാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.കൃഷി പൂർണമായും നിറുത്താനാണ് ഇവരുടെ തീരുമാനം.കാട്ടുപന്നികൾ കൂട്ടത്തോടെയാണ് കൃഷി ഇടങ്ങളിലേക്ക് ഇപ്പോൾ ഇറങ്ങുന്നത്.പുറത്തു നിന്ന് വലിയ വില കൊടുത്തും കൃഷിഭവനിൽ നിന്നുമൊക്കെ വാങ്ങുന്ന വാഴവിത്തുകൾ നട്ട് നാമ്പുകൾ കിളിച്ചു തുടങ്ങുമ്പോൾ തന്നെ പന്നിയാക്രമണത്തിന് ഇരയാകും. ഇത്തരം അക്രമണം തടയുവാനോ നഷ്ടപ്പെട്ട കൃഷികൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനോ ഒരു മാർഗവും കാണാതെ വിഷമിക്കുന്ന സ്ഥിതിയാണ്.

നഷ്ടങ്ങൾ മാത്രമെന്ന് കർഷകർ

പന്നി ശല്യം മൂലം കർഷകർക്ക് നഷ്ടങ്ങൾ പലതാണ്.ചേന,ചേമ്പ്,മരച്ചീനി, കാച്ചിൽ എന്നിങ്ങനെയുള്ള നിരവധി കൃഷികളും നശിക്കുന്നവയിൽ പെടുന്നു.പല കർഷകർക്കും വലിയ സാമ്പത്തിക നഷ്ടം ഈയിനത്തിൽ ഉണ്ടാകുന്നു. കാട്ടുപന്നിയുടെ ശല്യം ചെറുക്കാൻ കൃഷിയിടത്തിനു ചുറ്റും വലകെട്ടിയിരുന്നു.എന്നാൽ ഇതിന്റെ താഴ്ഭാഗം തുരന്നാണ് പന്നിക്കൂട്ടം അകത്ത് കടക്കുന്നത്. ഇത്തരം വലകൾക്കും പണിക്കൂലിക്കുയായി നല്ല തുക കർഷകർക്ക് ചെലവാകും.

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശം

ജില്ലയിൽ പൊതുവെ കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നാണ് ഏനാദിമംഗലം പഞ്ചായത്ത്. വരൾച്ച സമയത്ത് തലച്ചുമടായിട്ടാണ് കൃഷിക്കാവശ്യമായ വെള്ളം കൊണ്ടുവരുന്നത്.ഇത്തരത്തിലുള്ള കൃഷികളാണ് രാത്രികാലങ്ങളിൽ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നത്. മുൻപ് രാത്രി കാലങ്ങളിൽ കൃഷിയിടങ്ങളിൽ കർഷകർ കാവൽ കിടക്കുക പതിവായിരുന്നു. പക്ഷേ ഇവരെ പന്നി ആക്രമിക്കുന്നതിനാൽ കർഷകർ ഭയന്ന് ഇപ്പോൾ കാവലില്ല.

പന്നിശല്യം രൂക്ഷമായ സ്ഥലങ്ങൾ

പന്നി ശല്യം രൂക്ഷമായ സ്ഥലങ്ങൾ കുറുമ്പകര,മാരൂർ,കുന്നിടപടിഞ്ഞാറ്, കുന്നിട കിഴക്ക്, ഇളമണ്ണൂർ കിഴക്ക്, കുറുമ്പകര പടിത്താറ്,മാരൂർ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ പന്നിയാക്രമണം നടക്കുന്നത്.

പന്നി ശല്യം തടയുന്നതിന്ന് സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല .ഇത്തരത്തിൽ നഷ്ടങ്ങൾ സഹിച്ച് കൃഷിയുമായി മുന്നോട്ടു പോകാൻ സാധിക്കില്ല

(കർഷകർ)

-വലം കെട്ടിയതും പന്നികൾ തുരക്കുന്നു

- ആക്രമം ഭയന്ന് കൃഷിയിടങ്ങളിൽ കാവലില്ല