പത്തനംതിട്ട : ജില്ലയിലെ കെപ്‌കോ ഔട്ട് ലെറ്റുകളുടെ ഉദ്ഘാടനം 20ന് രാവിലെ 10ന് അടൂർ നഗരസഭാ കാര്യാലയത്തിനു സമീപം നടക്കും.രാവിലെ 10ന് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.നഗരസഭാ ചെയർപേഴ്‌സൺ ഷൈനി ബോബി ചടങ്ങിൽ പങ്കെടുക്കും. കെപ്‌കോ ചിക്കന്റെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് ജില്ലയിലേക്ക് വിപണനം വിപുലീകരിക്കുന്നതെന്ന് കെപ്‌കോ ചെയർപേഴ്‌സൺ ജെ.ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഏഴംകുളം,അടൂർ,കോഴഞ്ചേരി,മല്ലപ്പള്ളി, കുമ്പഴ ,കോന്നി, ഏനാത്ത് എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ ഏജൻസികൾ അനുവദിക്കുന്നത്.ചിക്കൻ സംസ്‌കരിച്ചത്, തൊലിയോട് കൂടിയതും അല്ലാതെയും ,കറിക്കരിഞ്ഞത്, സ്‌പെഷ്യൽ കറി കട്ട്, എല്ലില്ലാത്ത ഇറച്ചി,ചിക്കൻ കാലുകൾ, ലിവറും ഗി സാർഡും, ജനത ചിക്കൻ .ചിക്കൻ കട്‌ലറ്റ്,ലോലിപോപ്പ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ ഏജൻസികൾ വഴി ലഭിക്കും. കർഷകരിൽ നിന്നും ഏറ്റെടുക്കുന്ന ഇറച്ചിക്കോഴികളെ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിച്ച് ഇറച്ചിയാക്കി മാറ്റിയാണ് ഉൽപന്നത്തെ കെപ്‌കോ ചിക്കൻ എന്ന പേരിൽ വിപണിയിൽ എത്തിക്കുന്നത്. 201718 ൽ 475 മെട്രിക് ടണ്ണായിരുന്നു കെപ്‌കോചിക്കൻ വിറ്റത്.എന്നാൽ 2018-19ൽ അത് 705 മെട്രിക് ടണ്ണായി ഉയർന്നു.വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ഡോ.വിനോദ് ജോൺ,മാർക്കറ്റിംഗ് മാനേജർ സുകുമാരൻ നായർ, ഡോ.ജേക്കബ് എബ്രഹാം എന്നിവരും പങ്കെടുത്തു.