ശബരിമല: പമ്പയിൽ ഗണപതി ക്ഷേത്രത്തിന് സമീപത്ത് ഇരുമുടിക്കെട്ട് നിറച്ച് നൽകുന്നതിൽ ചൂഷണമെന്ന് തീർത്ഥാടകരുടെ പരാതി. പമ്പാ ഗണപതി ക്ഷേത്ത്രോട് ചേർന്നുള്ള കെട്ടുനിറ മണ്ഡപത്തിലാണ് ഇരുമുടി നിറയ്ക്കുന്നത്. ഭക്തരിൽ നിന്ന് 250 രൂപ ഈടാക്കി നൽകുന്ന ഇരുമുടിക്കെട്ടിൽ 75 രൂപയുടെ സാധനങ്ങൾ പോലും നൽകുനില്ലെന്നതാണ് പ്രധാന ആരോപണം. തീർത്ഥാടകരെ കബളിപ്പിച്ച് കരാറുകാർ വൻ ക്രമക്കേട് നടത്തുമ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ദേവസ്വം വിജിലൻസും ഉദ്യോഗസ്ഥരും. പമ്പ ഗണപതി ക്ഷേത്രത്തിന്റെ പിൻഭാഗത്താണ് കെട്ടുനിറ മണ്ഡപം. ദേവസ്വം കൗണ്ടറിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുമായി മണ്ഡപത്തിലെത്തിയാൽ പൂജാരി ഭക്തർക്ക് കെട്ടുനിറച്ചു നൽകും.
ദേവസ്വത്തിന്റെ കണക്കനുസരിച്ച് ഇരുമുടിക്കെട്ടിനായി മുടി സഞ്ചി ഒന്ന്, ചെറിയ സഞ്ചി ഒന്ന്, 100 മില്ലിഗ്രാം നെയ്യ് കൊള്ളുന്നത്രയും വലിപ്പമുള്ള നാളികേരം മൂന്ന് എണ്ണം, നെയ്യ് 100 മില്ലി, മലർ 50 ഗ്രാം, മഞ്ഞൾപ്പൊടി 10ഗ്രാം, ഉണക്കലരി 300 ഗ്രാം, കോർക്ക് ഒന്ന്, കർപ്പൂരം ചെറിയ പാക്കറ്റ്, വാക്‌സ് 10 ഗ്രാം എന്നിവയാണ് നൽകേണ്ടത്. എന്നാൽ ഇരുമുടി കെട്ടിൽ നിറക്കാനാവശ്യമായ പൂജാ ദ്രവ്യങ്ങളിൽ പലതും ഗുണമേന്മ ഇല്ലാത്തവയാണെന്നും ഉണക്കലരിക്ക് പകരം പച്ചരിയും പുഴുക്കലരിയും പലതരത്തിലുള്ള അരികൾ കൂട്ടി കലർത്തിയുമാണ് നൽകുന്നതെന്നും ആരോപണമുണ്ട്. 50 ഗ്രാം നെയ്യ് നിറയ്ക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള നാളികേരമാണ് നൽകുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് മാത്രം ലക്ഷക്കണക്കിന് തീർത്ഥാടകർ പമ്പയിലെത്തി ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്നുണ്ട്.