പത്തനംതിട്ട : പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊടിശല്യം രൂക്ഷമാകുന്നു.കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ ഭാഗത്ത് യാത്രക്കാർക്ക് മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. കച്ചവടക്കാരുടെ സ്ഥിതിയും മോശമല്ല.യാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മണ്ഡലകാലമായതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി അയ്യപ്പഭക്തർ നിരന്തരം യാത്ര ചെയ്യുന്ന സ്ഥലമാണിത്.പൊടിശല്യം കാരണം വ്യാപാരികൾ കടകളുടെ മുമ്പിൽ പ്ലാസ്റ്റിക് കൊണ്ട് കവർ ചെയ്തിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന സ്റ്റാൻഡിൽ വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും പൊടി ശല്യം വർദ്ധിക്കുകയാണ്. യാത്രക്കാർ സ്റ്റാൻഡിലിറങ്ങാതെ അതിന് മുമ്പുള്ള സ്റ്റോപ്പിൽ ഇറങ്ങി നടന്നാണ് പോകുന്നത്. നഗരസഭാ അധികൃതർ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. നട്ടുച്ചയ്ക്ക് കാറ്റടിക്കുമ്പോൾ സ്റ്റാൻഡിനകത്തേക്ക് പൊടി അടിച്ച് കയറും. കുഞ്ഞുകുട്ടികളും ഗർഭിണികളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളുമെല്ലാം സ്റ്റാൻഡിൽ എത്തിയാണ് ബസ് കയറുന്നത്. പൊടി കാരണം അടുത്ത് നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്ത സ്ഥിതിയാണ്. വാഹനങ്ങൾ കയറിയിറങ്ങി ടാറിംഗും കോൺക്രീറും മെറ്റലുംചിതറി കിടക്കുന്നുണ്ട്. വെള്ളം തളിച്ച് പൊടിശല്യം കുറയ്ക്കണമെന്ന് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല.

"സ്റ്റാൻഡിൽ പൊടി കുറയ്ക്കാൻ വെള്ളം തളിയ്ക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അതിനൊരാളെ ചുമതലപ്പെടുത്തിയിരുന്നു. അയാൾ അത് ചെയ്തിരുന്നുവെന്നാണ് പറഞ്ഞത്. അന്വേഷിക്കാം. "

റോസ്ലിൻ സന്തോഷ്

(നഗരസഭാ ചെയർപേഴ്സൺ)