പത്തനംതിട്ട :കാർഷിക ആവശ്യത്തിനുള്ള പമ്പ് സെറ്റ് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ല കാർഷിക വികസന സമിതി യോഗത്തിൽ തറയിൽ കിടന്ന് പ്രതിഷേധം. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു പുളിമൂട്ടിലാണ് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിന്റെ തറയിൽ കിടന്ന് പ്രതിഷേധിച്ചത്. പുറമറ്റം ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായ ഇദ്ദേഹം ഒരുമണിക്കൂറോളം യോഗം നടന്ന ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കിടന്നു.
സമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
പുറമറ്റം പഞ്ചായത്തിലെ പാലവയൽ ,കക്കാട് പാടശേഖരങ്ങളിൽ എട്ട് വർഷം മുമ്പ് 40 എച്ച്.പിയുടെ 2 മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല. പ്രവർത്തിപ്പിക്കാൻ അനുബന്ധ സാമഗ്രികൾ ലഭ്യമല്ല. നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല . അനുബന്ധ ഉപകരണങ്ങളുടെ ലഭ്യതയില്ലായ്മയാണ് മോട്ടോർ പ്രവർത്തിപ്പിക്കാൻ തടസമായി നിൽക്കുന്നത്. ഉടൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്ന പൂർണാദേവി അറിയിച്ചു. വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട് .അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്യും. കർഷകകോൺഗ്രസ് വൈസ് പ്രസിഡന്റ് സുരേഷ് കോശി, ജെറി മാത്യു സാം, കലാനിലയം രാമചന്ദ്രൻനായർ , ജോൺ വാളകം എന്നിവയിൽ യോഗത്തിൽ പങ്കെടുത്തു.