പത്തനംതിട്ട: കോളേജ് ജംഗ്ഷന് സമീപം ടി.വി.എസ് വാഹന വിൽപ്പന ശാലയ്ക്ക് മുന്നിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗത കുരുക്ക്. ഇന്നലെ വൈകിട്ട് മൂന്നിന് ആയിരുന്നു സംഭവം. പത്തനംതിട്ടയിൽ നിന്ന് ഓമല്ലൂർ ഭാഗത്തേക്ക് പോയ മാരുതി വാഗണർ, ആൾട്ടോ കാറുകളിൽ എതിർദിശയിൽ നിന്നു വന്ന ടൊയോട്ട എത്തിയോസ് കാർ ഇടിച്ചു കയറുകയായിരുന്നു. അമിത വേഗതയിൽ വന്ന ടൊയോട്ട കാർ വാഗണർ കാറിലിടിച്ച ശേഷം ഓൾട്ടോ കാറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ടൊയോട്ടയിൽ സഞ്ചരിച്ചിരുന്നവർക്ക് നിസാര പരിക്കേറ്റു. ഈ വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തു. അപകടമുണ്ടായതോടെ ഗതാഗതം തടസപ്പെട്ടു. പൊലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും എത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.