ശബരിമല: സന്നിധാനത്ത് ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിന് ആരംഭിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള സ്ഥിരം ലാബിന്റെ പ്രവർത്തനം മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബേയ്ലിപാലത്തിന് സമീപം പ്രവർത്തിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലാണ് പുതിയ ലാബ് സജ്ജീകരിച്ചിട്ടുള്ളത്.
സന്നിധാനത്ത് ആദ്യമായാണ് ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിന് സ്ഥിരം ലാബ് ആരംഭിക്കുന്നത്. നേരത്തെ പമ്പയിൽ മാത്രമാണ് ജലപരിശോധനാ ലാബിന്റെ പ്രവർത്തനം ഉണ്ടായിരുന്നത്. വിവിധസ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജലത്തിലെ മാലിന്യത്തിന്റെ അളവും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ പരിശുദ്ധിയും പരിശോധിക്കാൻ ഈ സംവിധാനം പ്രയോജനകരമാകും.
പമ്പയിലെ വെള്ളത്തിന്റെ അളവ് ഇപ്പോൾ തൃപ്തികരമാണ്. എന്നാൽ മഴ കുറയുകയും വേനൽ കടുക്കുകയും ചെയ്താൽ പമ്പയിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞേക്കും. ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. സന്നിധാനത്ത് മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യാനുള്ള സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ഭക്ഷ്യമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ പൂർണമായും ഫലപ്രദമല്ലാത്തത്. അടുത്ത സീസണോടെ ഇതിനും പരിഹാരമാകും. പത്തനംതിട്ട ജില്ലാ പരിസ്ഥിതി എൻജിനീയർ അലക്സാണ്ടർ ജോർജ്ജ്, അസിസ്റ്റന്റ് പരിസ്ഥിതി എൻജിനീയർമാരായ ജോസ്മോൻ ജെ, അനിഗർ കെ.ആർ തുടങ്ങിയവർ സംബന്ധിച്ചു.
ഭസ്മക്കുളത്തിലെ വെള്ളത്തിന്റെ പരിശുദ്ധി നിലനിറുത്താൻ ആവശ്യമായ സംവിധാനം സ്വീകരിക്കും.
ഡോ. അജിത് ഹരിദാസ്,
മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ
കുടിവെള്ളത്തിന്റെ പരിശുദ്ധി പരിശോധിക്കും
പമ്പയിലെ വെള്ളം കുറയാതെ നോക്കും