തിരുവല്ല: പൗരത്വ ഭേദഗതി ബില്ലിനെതിരെ ന്യുഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ജാമിയ മിലിയ കോളേജിൽ കയറി വെടിവച്ച പൊലീസ് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ട്രെയിൻ തടഞ്ഞിട്ടു. തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് ഇന്നലെ ഉച്ചയോടെ പ്രതിഷേധ മാർച്ച് നടത്തിയ നൂറിലേറെ വരുന്ന പ്രവർത്തകരെ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞെങ്കിലും മറ്റുവഴികളിലൂടെ പ്ലാറ്റ്ഫോമിലെത്തി ട്രാക്കിൽ കയറി കുത്തിയിരുന്നു. ഈ സമയം ചെങ്ങന്നൂരിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകാനെത്തിയ വേളാങ്കണ്ണി -എറണാകുളം പാസഞ്ചർ ട്രെയിൻ അരമണിക്കൂറിലേറെ പ്രവർത്തകർ തടഞ്ഞിടുകയായിരുന്നു. തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി പി.ബി സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി. നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ. മനു, ആർ.ശ്യാമ, ജില്ലാ ട്രഷറർ ബി. നിസ, ജില്ലാ എക്സി.അംഗം എം.സി അനീഷ് കുമാർ, അനൂപ്കുമാർ, ബിജിലി പി. ഈശോ, സജിത്ത് പി.ആനന്ദ്, ജി. കിരൺ, രാജീവ്, എം.എസ് വത്സകുമാർ, ജിതിൻരാജ്, ഷിജു എന്നിവർ പ്രസംഗിച്ചു.