ശബരിമല: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പുതിയ ഭണ്ഡാരത്തിലെ സ്ഥലപരിമിതി കാരണം പഴയ ഭണ്ഡാരത്തിലെ മുകളിലത്തെ നില കൂടി തുറന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ വൈകിട്ടാണ് കാണിപ്പൊതികൾ അഴിച്ച് പണം വേർതിരിക്കുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഇവിടെ ക്ലറിക്കൽ ഗ്രേഡിലുള്ള രണ്ട് ദേവസ്വം ഉദ്യോഗസ്ഥരെയും പരിശോധന നടത്തുന്നതിനായി ദേവസ്വം ഗാർഡ്, ദേവസ്വം വിജിലൻസ് വിഭാഗം എന്നിവരെയും കാണിക്ക എണ്ണുന്നതിനായി കലാപീഠത്തിൽ നിന്നെത്തിയ 15 വിദ്യാർത്ഥികളെയും ചുമതലപ്പെടുത്തി. ഇന്നലെ രാവിലെ പുതിയ ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരുന്ന കാണിപ്പണമായി ലഭിച്ച പൊതികൾ പഴയ ഭണ്ഡാരത്തിലേക്ക് മാറ്റി. പുതിയ ഭണ്ഡാരത്തിലെ സ്ഥലപരിമിതിയും കാണിപ്പണമായി സമർപ്പിക്കുന്ന പൊതികളിലെ അടയ്ക്ക, പഴം എന്നിവ ജീർണിച്ച് അതിലുള്ള നോട്ടുകൾ നശിക്കുന്നതും കേരളകൗമുദിയാണ് ചൂണ്ടിക്കാട്ടിയത്.
കാണിക്ക എണ്ണാൻ ഭണ്ഡാരത്തിൽ ജീവനക്കാർ കുറവാണെന്ന വാർത്തയെ തുടർന്ന് ക്ഷേത്ര കലാപീഠത്തിലെ കുട്ടികൾക്ക് പുറമേ ദേവസ്വം ബോർഡിന്റെ 20 ഗ്രൂപ്പുകളിൽ നിന്നായി 5 പേർ വീതം 100 ജീവനക്കാരെയും സന്നിധാനത്ത് എത്തിച്ചിരുന്നു. ഇവർക്കെല്ലാം കൂടി ഭണ്ഡാരത്തിൽ ഡ്യൂട്ടി ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ഇവരെ മറ്റ് ചുമതലകളിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ കാണിപ്പൊതികൾ നീക്കം ചെയ്തതോടെ പതിനഞ്ചോളം പേരെക്കൂടി അധികമായി ജോലിയിൽ പ്രവേശിപ്പിക്കാനുള്ള സ്ഥലം ലഭ്യമായി. കഴിഞ്ഞ സീസണേക്കാൾ കാണിക്കയിനത്തിലുള്ള വരുമാനം വർദ്ധിച്ചതും ജീവനക്കാരുടെ കുറവും കാരണം നാലുകോടിയോളം രൂപയുടെ നാണയങ്ങളും എണ്ണിത്തിട്ടപ്പെടുത്താതെ തരം തിരിച്ചിട്ടിരിക്കുകയാണ്. ഇതിനിടെ പുതിയ ഭണ്ഡാരത്തിലെ ന്യൂനതകൾ കാരണം പഴയ ഭണ്ഡാരം കൂടി തുറക്കണമെന്ന നിർദ്ദേശം ഒരു സംഘം ഉദ്യോഗസ്ഥർ ബോധപൂർവം വൈകിപ്പിക്കുകയായിരുന്നു.