anda

അടൂർ : തെരുവുനായ കടിച്ച് വിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ജില്ലാ ഭരണകൂടവും സാമൂഹ്യ നീതിവകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ച തമിഴ്‌നാട് സ്വദേശി ആണ്ടവൻ സുഖം പ്രാപിച്ചുവരുന്നു. മനോദൗർബല്യം മൂലം അലഞ്ഞുനടന്ന ഇയാളുടെ വിരലിൽ തെരുവുനായ കടിച്ചിരുന്നു. നായ മറ്റു ചിലരെക്കൂടി കടിച്ചതോടെ പേ വിഷബാധയാകുമെന്ന് സംശയിച്ച് നാട്ടുകാർ നായെ തല്ലികൊല്ലുകയും ചെയ്തു. പക്ഷേ ചികിത്സയ്ക്ക് വിധേയമാകാതെ കത്തിയുമായി അക്രമാസക്തനായി അലഞ്ഞുനടക്കുകയായിരുന്നു ആണ്ടവൻ. വിവരമറിഞ്ഞ വാർഡ് മെമ്പർ തോമസ് ഈപ്പൻ, കൂടൽ എസ്.ഐ സേതുനാഥ് എന്നിവർ ആരോഗ്യ വകുപ്പിന് വിവരം നൽകുകയും, തുടർന്ന് ജില്ലാ നേതൃത്വവും ആരോഗ്യ വകുപ്പും, സാമൂഹ്യ നീതി വകുപ്പുമായി നടത്തിയ ചർച്ചയിൽ ഇയാളുടെ സംരക്ഷണം അടൂർ മഹാത്മ ജനസേവന കേന്ദ്രത്തെ ഏൽപ്പിക്കുകയുമായിരുന്നു.