കൊട്ടാരക്കര: വാളകം അണ്ടൂരിൽ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആക്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു. പത്ത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
അണ്ടൂർ രത്നവിലാസത്തിൽ ഗോപിപിള്ളയുടെ മകൻ അനിൽകുമാറാണ് (40)മരിച്ചത്. ഈ മാസം എട്ടിനാണ് ആക്രമണം നടന്നത്.
അണ്ടൂർ സ്വദേശികളായ രാമവിലാസം വീട്ടിൽ ഹരിലാൽ (നന്ദു-45), വടക്കേക്കര കോളനിയിൽ മിനിവിലാസത്തിൽ വിനോദ് (32), കരിക്കുഴി കോളനിയിൽ എസ്.ബി ഭവനിൽ സന്തോഷ് (42), വടക്കേക്കര പടിഞ്ഞാറ്റതിൽ സുമേഷ് (24), വടക്കേക്കര സുരേഷ് വിലാസത്തിൽ സുരേഷ്(41), തുണ്ടുവിള കിഴക്കതിൽ കൊച്ചുവീട്ടിൽ സജീവ് (32), കരിക്കുഴി പാരവിള വീട്ടിൽ മുരളി(53), കൊച്ചുവിള കിഴക്കേതിൽ ശ്യാം മാത്യു(40), വടക്കേക്കര കോളനിയിൽ സുരേന്ദ്രൻ (55), കരിക്കുഴി പാറവിള വീട്ടിൽ സുരേഷ് (42) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കരിക്കുഴി കോളനിയിലെ താമസക്കാരിയായ വീട്ടമ്മയുമായി അവിഹിത ബന്ധം ആരോപിച്ചാണ് പത്തംഗ സംഘം അനിൽകുമാറിനെ ആക്രമിച്ചത്. അടിച്ചുവീഴ്ത്തിയശേഷം കല്ലുകൊണ്ട് ഇടിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഈ മാസം 8ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അനിൽകുമാർ വീട്ടിലേക്ക് മടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം അസ്വസ്ഥത വർദ്ധിച്ചു. തലയ്ക്ക് പെരുപ്പും മറ്റ് അസ്വസ്ഥതകളും കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷമാണ് അനിൽകുമാറിന്റെ ഭാര്യ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. പൊലീസ് മൊഴിരേഖപ്പെടുത്തി പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച രാത്രി അനിൽകുമാറിന് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസ് കൊലപാതകമായതോടെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൊട്ടാരക്കര സി.ഐ ടി. ബിനുകുമാർ, എസ്.ഐമാരായ രാജീവ്, അജയകുമാർ, സി.പി.ഒ സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.