photo

 സംഭവം നെടുമങ്ങാട് വേങ്കവിളയിൽ

 കസ്റ്റഡിയിലായത് പിണങ്ങിക്കഴിഞ്ഞിരുന്ന ഭർത്താവ്

 കുടുംബവഴക്കിനെ തുടർന്ന് കൊലയെന്ന് സംശയം

നെടുമങ്ങാട് : ആറു വയസുള്ള മകനുമൊത്ത് താമസിച്ചിരുന്ന യുവതിയെ വീട്ടിൽ കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വേങ്കവിള പറമ്പുവാരം താര വിലാസത്തിൽ അജിയുടെ ഭാര്യ രഞ്ജിതയാണ് (25) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി അകന്നു താമസിച്ചിരുന്ന ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഇന്നലെ രാവിലെ ഉറക്കമുണർന്നപ്പോൾ രഞ്ജിതയെ കാണാതിരുന്നതിനെ തുടർന്ന് മകൻ അബി അരകിലോമീറ്റർ അകലെ താമസിക്കുന്ന രഞ്ജിതയുടെ കൂട്ടുകാരി വിജിതയുടെ വീട്ടിലേക്ക് നടന്നെത്തി വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വിജിത അയൽവാസിയായ ജിജീന്ദ്രനെയും കൂട്ടി നടത്തിയ തിരച്ചിലിലാണ് വീടിനകത്ത് അടുക്കളയോട് ചേർന്നുള്ള മുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ രഞ്ജിതയുടെ മൃതദേഹം കണ്ടെത്തിയത്. രഞ്ജിതയുടെ മൂത്ത കുട്ടി നേരത്തെ മരിച്ചിരുന്നു.വീടിനകത്ത്,​ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തിരുന്നതിന് അടുത്താണ് രഞ്ജിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

ഫോറൻസിക് വിഭാഗവും പൊലീസ് ഡോഗ് സ്ക്വാഡും വീട്ടിൽ നടത്തിയ പരിശോധനയിൽ അജിയുടെ സാന്നിദ്ധ്യം ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇന്നലെത്തന്നെ ഇയാളെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഞ്ജിതയ്ക്ക് തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്നു.

രഞ്ജിതയുടെ കുടുംബാംഗങ്ങൾ വള്ളക്കടവിലാണ് താമസം. മുരുക്കുംപുഴ സ്വദേശിയാണ് അജി. പോസ്റ്റ്മോർട്ടത്തിനു ശേഷം രഞ്ജിതയുടെ മൃതദേഹം നെടുമങ്ങാട് ശാന്തിതീരം പൊതു ശ്‌മശാനത്തിൽ സംസ്കരിച്ചു. നെടുമങ്ങാട് സി.ഐ രാജേഷ് കുമാറും എസ്.ഐ സുനിൽ ഗോപിയും അടങ്ങുന്ന സംഘം അന്വേഷണം ഊർജ്ജിതമാക്കി.