ഇളമണ്ണൂർ: വേടൻ മല കോളനിയിലേക്കുള്ള കൂടിവെള്ള വിതരണം നിലച്ചിട്ട് വർഷം രണ്ട് കഴിഞ്ഞിട്ടും അധികൃതർക്ക് നിസംഗത. ഈ ഭാഗത്തേക്കുള്ള മോട്ടോർ കേടായതാണ് ഇതിനു കാരണം.എനാദിമംഗലം കുന്നിട വേടൻ മല ഹരിജൻ സെറ്റിൽമെന്റ് കോളനിയിലേക്കുള്ള കുടിവെള്ള വിതരണത്തിന് സ്ഥാപിച്ച പദ്ധതിയാണ് പെരുന്തോയിക്കൽ ശുദ്ധജല വിതരണ പദ്ധതി. കേടായ മോട്ടോർ ഇളക്കി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഒരു മുറിയുടെ ഭാഗത്ത് വച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന കോളനിയാണ് വേടൻ മല. പെരുന്തോയിക്കൽ ഭാഗത്തെ കുളത്തിന് നടുവിൽ കുഴിച്ച കിണറ്റിൽ നിന്നാണ് രണ്ടു കോളനിയിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. 4 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള പദ്ധതിയാണ് പെരുമ്പായിക്കൽ ശുദ്ധജല വിതരണ പദ്ധതി. പണി പൂർത്തിയായി പദ്ധതി കമ്മീഷൻ ചെയ്തതിനു ശേഷം ഏനാദിമംഗലം പഞ്ചായത്തിനെ സംരക്ഷണ ചുമതല ഏൽപിച്ചു.പക്ഷേ പഞ്ചായത്ത് ഇതുവരെയും അറ്റകുറ്റപണികൾ ചെയ്തിട്ടില്ല.കുളത്തിന്റെ സംരക്ഷണത്തിനും കുടിവെള്ള വിതരണത്തിനുമായി വേടൻ മല സെറ്റിൽമെന്റ് കോളനിയിലെ ജനങ്ങൾ ഗുണഭോക്ത്യകമ്മിറ്റി ഉണ്ടാക്കിയിരുന്നു. ഇവരാണ് പിന്നീട് ഈ ശുദ്ധജല വിതരണ പദ്ദതിയുടെ സംരക്ഷണം ചെയ്തു വന്നിരുന്നത്.ഒരു മോട്ടോർ കേടായി വേടൻ മലയിലേക്ക് കുടിവെള്ള വിതരണം നിലച്ചതോടെ വേടൻ മല കോളനിയിലെ കമ്മിറ്റി നിർജ്ജീവമായി. മോട്ടോർ കേടായതു സംബന്ധിച്ച് നിരവധി പരാതികൾ പഞ്ചായത്തിന് വേടൻ മല നിവാസികൾ നൽകിയതാണ്. പക്ഷേ ഇതുവരെയും നടപടിയായില്ലെന്ന് ഇവർ പറയുന്നു.