പത്തനംതിട്ട: പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം . കടകൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല . കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമായി സർവീസ് നടത്തി. ശബരിമല തീർത്ഥാടകർക്കായി പമ്പ സർവീസ് പതിവുപോലെയുണ്ടായിരുന്നു. സർക്കാർ ഓഫീസുകളിൽ ഹാജർനില തീരെ കുറവായിരുന്നു . കളക്ടറേറ്റിൽ 117ൽ 60 ജീവനക്കാർ മാത്രമാണ് ഹാജരായത്. സ്‌കൂൾ ബസുകൾ ഒരിടത്തും ഓടിയില്ല.
പരീക്ഷ നടക്കുന്നതിനാൽ സ്‌കൂളിലെത്താൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടി. . പത്തനംതിട്ട ഡിപ്പോയിലെ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ പത്തനാപുരം കല്ലുകടവ്, മൂഴി എന്നിവിടങ്ങളിൽ സമരാനുകൂലികൾ കല്ലെറിഞ്ഞു തകർത്തു. ബസിലെ ഡ്രൈവർക്ക് കണ്ണിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കടമ്പനാട് നിർബന്ധമായി പെട്രോൾ പമ്പ് പൂട്ടിക്കുകയും ചന്തയിലെ കച്ചവടം നിറുത്താൻ ആവശ്യപ്പെടുകയും ചെയ്തു.
----------------------------------
118 പേർ അറസ്റ്റിൽ
ജില്ലയിൽ പതിനഞ്ചു കേസുകളിലായി 118 പേരെ അറസ്റ്റുചെയ്തു. പൊതുമുതൽ നശിപ്പിച്ചതിന് കൂടൽ പൊലിസ് സ്റ്റേഷനിൽ ഒരു കേസെടുത്തിട്ടുണ്ട്. കരുതൽ തടങ്കലിലെടുത്തവരെ വൈകിട്ട് ആറിന് വിട്ടയച്ചു. അടൂർ ,പന്തളം, കൊടുമൺ മേഖലകളിൽ പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി