പത്തനംതിട്ട: മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ച നീർച്ചാലുകൾ ഇനി തെളിഞ്ഞൊഴുകും. ജനകീയ കൂട്ടായ്മയോടെ നീർച്ചാലുകളുടെ ആരോഗ്യം വീണ്ടെടുക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 65 തോടുകളാണ് വൃത്തിയാക്കുന്നത്. ആകെ ദൂരം 199.6 കിലോമീറ്ററാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം ജില്ലാമിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഒഴുക്ക് തെളിയുന്ന നീർച്ചാലുകളിലെ വെളളം കാർഷിക വിളകൾക്ക് ഉപയോഗിക്കും.
ജില്ലയിൽ ഇരുപതിനായിരത്തോളം ആളുകൾ തോടുകളുടെ ജനകീയ വീണ്ടെടുപ്പിൽ പങ്കാളികളാകും. ഒരു പഞ്ചായത്തിൽ 300 മുതൽ 400 വരെ ആളുകൾ പങ്കെടുക്കും. സർക്കാർ ഫണ്ടില്ലാതെ നടപ്പാക്കുന്ന പദ്ധതിയിൽ തോടുകൾ വൃത്തിയാക്കുന്നതിനുളള പണി ആയുധങ്ങൾ ജനകീയ സഹകരണത്തോടെയാണ് എത്തിക്കുന്നത്. ജനപ്രതിനിധികൾ തൊഴിലുറപ്പുകാർ, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ, ക്ളബുകൾ തുടങ്ങിയവരാണ് പദ്ധതിയിൽ പങ്കാളികളാകുന്നത്. ശുചീകരണത്തിനിറങ്ങുന്നവർക്ക് എലിപ്പനി പ്രതിരോധത്തിനുളള മരുന്നുകളും ഗ്ളൗസുകളും നൽകും.
കൊടുമൺ ഗ്രാമ പഞ്ചായത്തിലെ 10 കിലോമീറ്ററുളള കല്ലേലി തോടാണ് ശുചീകരിക്കുന്ന ഏറ്റവും നീളമുളള നീർച്ചാൽ. 400മീറ്റർ നീളമുളള തണ്ണിത്തോട് പതാലിൽപ്പടി തോടാണ് കൂട്ടത്തിൽ ചെറുത്.
നാരങ്ങാനം, മൈലപ്ര പഞ്ചായത്തുകളിൽ നീർച്ചാൽ ശുചീകരണം പൂർത്തിയാക്കി. ജില്ലയിൽ 22നുളളിൽ ശുചീകരണം പൂർത്തിയാക്കും.
>>
'ഇനി ഞാൻ ഒഴുകട്ടെ' തുടങ്ങി
തോടുകൾ വൃത്തിയാക്കുന്ന പദ്ധതി
നടപ്പാക്കുന്നത്
പഞ്ചായത്തുകൾ 53
നഗരസഭകൾ 4
കനാലുകളെ ഒഴിവാക്കി
നീർച്ചാലുകളെ വീണ്ടെടുക്കുന്ന പദ്ധതിയിൽ നിന്ന് പി.എെ.പി, കെ.എെ.പി കനാലുകളെ ഒഴിവാക്കിയതായി ആക്ഷേപം ഉയർന്നു. ജില്ലയിലെ പി.എെ.പി, കെ.എെ.പി കനാലുകൾ കാടുമൂടി കാട്ടുപന്നികളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്. നാട്ടിൻപുറങ്ങളിൽ കനാലുകളിലൂടെ ഒഴുകിയെത്തുന്ന വെളളമായിരുന്നു കൃഷിക്ക് ജീവദായിനി.
>>
'' ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. കനാലുകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ജലസേചനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ആർ.രാജേഷ്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ.
>>