ശബരിമല : സന്നിധാനത്ത് ഈ സീസണിൽ കാര്യമായ ലഹരി ഉപയോഗമോ ലഹരിവസ്തുക്കളുടെ കച്ചവടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. നവംബർ 13 മുതൽ ഇതുവരെ നൂറോളം റെയ്ഡുകൾ നടന്നെങ്കിലും സിഗററ്റ്, ബീഡി, മുറുക്കാൻ എന്നിവ ഉപയോഗിക്കുകയും കൈമാറുകയും ചെയ്ത കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്പ നിയമപ്രകാരം ഒരാളിൽനിന്ന് 200 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണിത്.ഇത്തരത്തിൽ 325 കേസുകളിൽ നിന്ന് 65,000 രൂപ പിഴ ഈടാക്കി. സന്നിധാനത്തും പരിസരത്തും ലഹരി ഉപഭോഗം കർശനമായി തടയുന്നതിന് നാൽപതോളം എക്‌സൈസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്.
അനധികൃത കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട് ശബരിമല ഡ്യൂട്ടി മജിസ്‌ട്രേറ്റ് സന്നിധാനം പരിസരത്ത് നടത്തിയ റെയ്ഡിൽ രണ്ട് അനധികൃത കച്ചവടക്കാരെ പിടികൂടി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ കോടതി ഹാളിൽ ചോദ്യം ചെയ്യവെ കോടതി ഹാളിൽ നിന്ന് ഇവർ ഇറങ്ങിയോടി. ഈ സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി മജിസ്‌ട്രേറ്റ് സന്നിധാനം പോലീസ് സ്‌റ്റേഷനിൽ പരാതി സമർപ്പിക്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളിൽ ഒരാളെ പിടികൂടുകയും ചെയ്തു.
സന്നിധാനത്ത് പുകയിലയുടെ ഉപയോഗവും വിൽപ്പനയും നിരോധിച്ചിരിക്കെ അതിന് വിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് തമിഴ്‌നാട് സ്വദേശിയായ കുരേശൻ എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റിമാന്റ് അപേക്ഷ സഹിതം റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി.