അടൂർ: ഗാന്ധിഭവനിൽ 15 ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്മസ് ആഘോഷത്തിനു തുടക്കമായി. ചലച്ചിത്രനടൻ രാഘവൻ ഉദ്ഘാടനം ചെയ്തു.സ്‌നേഹവും കാരുണ്യവുമാകണം മതം. ഇതാണ് ഗാന്ധിഭവൻ പ്രാവർത്തികമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.റവ.സി.ഒ.ജോസഫ് റമ്പാൻ അനുഗ്രഹ സന്ദേശം നൽകി.മറ്റുള്ളവരെ സഹായിക്കുക എന്നത് മഹത്തായ കാര്യമാണെന്നും വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ആരെയും സഹായിക്കാമെന്നും ദൈവാനുഗ്രഹം അത്തരക്കാരുടെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവൻ പുലർത്തുന്ന ജീവകാരുണ്യ പ്രവർത്തനം ഓരോ വ്യക്തിയും ജീവിതത്തിൽ പകർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, അസിസ്റ്റന്റ് സെക്രട്ടറി ജി.ഭുവനചന്ദ്രൻ,കവയത്രി ബൃന്ദ പുനലൂർ എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ക്രൈസ്തവസഭകളിലെ മെത്രാപ്പോലീത്തമാർ, റമ്പാൻമാർ,വികാരിമാർ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.സംഗീത സായാഹ്നവും 17 മുതൽ 20വരെ സംസ്ഥാനതല കരോൾ ഗാന മത്സരവും നടക്കും.ആഘോഷപരിപാടികൾ 31ന് സമാപിക്കും.