കോന്നി :വർഷങ്ങളായി മാനം നോക്കി നിൽക്കുന്ന മൂന്നു തൂണുകൾ ഇനി കര തൊടും.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഒരുകോടി രൂപ അനുവദിച്ചതോടെയാണ് മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന ചിറ്റൂർ - അട്ടച്ചാക്കൽ പാലം പണി പുന:രാരംഭിക്കുന്നത്.അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ഉയരുമ്പോൾ ഈ കടവിനെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇരുകരകളിലുമുള്ള ജനങ്ങൾ. 2017 ഫെബ്രുവരി 26ന് ശിലാസ്ഥാപനം നടത്തി പണികൾ ആരംഭിച്ച പാലത്തിന്റെ തൂണുകൾ മാത്രമാണ് ഭാഗികമായി പൂർത്തീകരിച്ചിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ്.സർക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. റവന്യൂ വകുപ്പിന്റെ റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കാൻ തീരുമാനമായത്.നിർമ്മിത കേന്ദ്രത്തിന്റെ ചുമതലയിലാണ് പണികൾ നടത്തി വന്നിരുന്നത്. അച്ചൻകോവിലാറിന്റെ ഇരുവശങ്ങളിലുമായി പ്രധാന മൂന്ന് തൂണുകൾ മാത്രമാണ് പൂർത്തീകരിക്കാനായത്.വലിയ ലോറികൾ ഉൾപ്പടെ കടന്നു പോകാൻ കഴിയുന്ന വിധത്തിൽ നാലു മീറ്റർ വീതിയിലാണ് നിർമ്മാണം ആരംഭിച്ചത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പാലം
പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർമുക്കിൽ നിന്നും കോന്നി വെട്ടൂർ കുമ്പഴ റോഡിനെ ബന്ധിപ്പിക്കുന്ന പാലമാണിത്. അട്ടച്ചാക്കൽ ചിറ്റൂർമുക്ക് കരകളെ ബന്ധിപ്പിച്ച് പഞ്ചായത്തിലെ പഴയ 18-ാം വാർഡിൽ നിന്നും മറുകരയിലെ ഒന്നാം വാർഡിലേക്കാണ് പാലം നിർക്കിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ്.സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയായതിനാൽ ബിൽ മാറിക്കിട്ടാനുള്ള തടസമാണ് പണികൾ മുടങ്ങാൻ കാരണമായത്. .
-പ്രമാടം, കോന്നി, മലയാലപ്പുഴ എന്നീ മൂന്ന് പഞ്ചായത്തുകളിലുള്ളവർക്ക് ഏറെ ഗുണകരം.
-കോന്നി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും
-അച്ചൻകോവിലാറിന്റെ ഇരുകരയിലുമുള്ളവർക്ക് പ്രയോജനം
-നിർദിഷ്ട മെഡിക്കൽ കോളേജ് റോഡിലും എത്താൻ എളുപ്പം
-2017 ഫെബ്രുവരി 26 ന് ശിലാസ്ഥാപനം നടത്തി
-പാലം നിർമ്മാണത്തിനായി 1 കോടി
വേനൽക്കാലത്ത് ജലനിരപ്പ് താഴുമ്പോൾ ഇരുകരകളിലും ഉള്ളവർ നദി മുറിച്ച് കടക്കാറുണ്ട്.വിവിധ ആരാധനാലയങ്ങളിലേയ്ക്ക് പോകുവാനും, വരുവാനും ഈ മാർഗം ഉപയോഗിച്ചു വരുന്നുണ്ട്.