തിരുവല്ല: പൈപ്പ് പൊട്ടിയത് നന്നാക്കിയതിനുശേഷം പണം നൽകാൻ വാട്ടർസപ്ലൈ കോൺട്രാക്ടർ ആവശ്യപ്പെട്ടതായി വ്യാപാരികൾ. ടി.കെ.റോഡിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻവശത്തെ മെയിൻ റോഡിലെ പൈപ്പാണ് പൊട്ടിയത്. ഇത് നന്നാക്കിയതിനുശേഷം അതിനു സമീപമുള്ള മാർത്തോമാ ബിൽഡിംഗിലെ 24 കച്ചവടക്കാരും ചേർന്ന് പണം കൊടുക്കണമെന്ന് വാട്ടർസപ്ലൈ കോൺട്രാക്ടർ ആവശ്യപ്പെട്ടതായാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങൾക്ക് മുമ്പ് നന്നാക്കിയ ഭാഗത്തെ 26 പേർക്കുള്ള വലിയ പൈപ്പ് കണക്ഷൻ ഒരു അറിയിപ്പും ഇല്ലാതെ ബ്ലോക്ക് ചെയ്രിക്കുകയാണ് അധികൃതർ.
രേഖാ മൂലം ഒരു അറിയിപ്പും ആർക്കും നൽകിയിട്ടില്ല. ഇത്രയും വ്യാപാരസ്ഥാപനങ്ങളുടെ കൈയിൽ നിന്നും ബാങ്കിൽ നിന്നും സ്കൂളുകളിൽ നിന്നും ആര് പിരിവെടുക്കാനാണെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. കഴിഞ്ഞ ആഴ്ച റോഡിലെ പൈപ്പ് പൊട്ടിയത് നന്നാക്കിയതിന്റെ 12000 രൂപയും ഇനിയും കണക്ട് ചെയ്തു കൊടുക്കുന്നതിനുള്ള തുകയും കൂടി കൊടുത്തെങ്കിലേ മുറിച്ചുമാറ്റിയ കണക്ഷൻ തിരികെ തരുകയുള്ളൂ എന്ന തീരുമാനത്തിലാണ് അധികൃതർ. ടൗണിലെ വ്യാപാരികൾ യോഗം ചേർന്ന് പ്രതിഷേധിച്ചു.പി.എൻ.പ്രസാദ്,സാം ചെമ്പിൽ, മുസ്തഫ, ലാൽജി വർഗീസ്, രാജു കോശി തുടങ്ങിയവർ പ്രസംഗിച്ചു.