തിരുവല്ല: കുറ്റൂരിലെ ശുദ്ധജലശ്രോതസായ മധുരംപുഴയാറിനെ തകർച്ചയിൽ നിന്നും വീണ്ടെടുക്കുന്ന നടപടികൾ 19ന് തുടങ്ങും. മണിമന്ദിരം ജംഗ്ഷന് സമീപം മധുരംപുഴയാറിന്റെ തീരത്ത് വ്യാഴാഴ്ച രാവിലെ 9ന് പുനരുജ്ജീവന പ്രവർത്തികൾക്ക് തുടക്കമാകും.ഹരിതകർമ്മ സേന,തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രവർത്തകർ,വിവിധ സന്നദ്ധ സംഘടനകൾ,ക്ളബുകൾ,നാട്ടുകാർ എന്നിവരെല്ലാം പുനരുജ്ജീവന പ്രവർത്തനങ്ങളിൽ പങ്കാളികളാകും.മധുരംപുഴ ആറിനെ ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയിൽ ഉൾപ്പെടുത്തി വീണ്ടെടുക്കാനാണ് പഞ്ചായത്തിൽ നടന്ന സംയുക്ത യോഗത്തിൽ തീരുമാനമായത്.പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ വി.ആർ.സുരേഷ് വെൺപാല അദ്ധ്യക്ഷത വഹിച്ചു.കൺവീനർ വി.ആർ.രാജേഷ്,ഹരിത കേരള മിഷൻ പ്രതിനിധി വിശ്വനാഥ്,പഞ്ചായത്ത് അംഗങ്ങളായ ഇ.എം.പ്രസാദ്,അജി കല്ലംപറമ്പിൽ,രാജലക്ഷ്മി,കെ.എസ്.ഏബ്രഹാം,അനിൽ കൂടത്തിങ്കമാലിൽ എന്നിവർ പ്രസംഗിച്ചു.

മധുരംപുഴയാകെ മലിനം


മണിമലയാറിന്റെ കൈവഴിയായ മധുരംപുഴയാർ മൂന്നര പതിറ്റാണ്ടായി ഒഴുക്കു നിലച്ചിരിക്കുകയാണ്.കുറ്റൂർ പഞ്ചായത്തിലെ വഞ്ചിമല ഭാഗത്തുനിന്നു തുടങ്ങി തെങ്ങേലി ഏറ്റുകടവിൽ മണിമലയാറുമായി സംഗമിക്കുന്ന ഈ നീർച്ചാലിന് ഏഴു കിലോമീറ്ററോളം ദൈർഘ്യമുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് കുറ്റൂർ വടക്ക്,ഞാടിക്കൽപ്പാറ,പുത്തൂർകടവ്, വരണേത്ത്,തുരുത്തേൽ ഭാഗങ്ങളിലെ കൃഷിക്ക് ആവശ്യമായ വെള്ളം എത്തിച്ചിരുന്നത് ഈ ചാലിൽ നിന്നാണ്.നീരെ‍ാഴുക്കു നിലച്ചതിനാൽ ഈ ഭാഗത്തെ കൃഷിയിടങ്ങളെല്ലാം തരിശു കിടക്കുകയാണ്.നൂറ് കണക്കിന് ഏക്കർ പുഞ്ചയിലെ കൃഷിയാണ് ഇതുമൂലം ഇല്ലാതായത്.മണിമലയാറിലെ മണൽ ഖനനം മൂലം നദിയുടെ അടിത്തട്ട് താണതിനാൽ മധുരം പുഴയാറിലെ നീരെ‍ാഴുക്കും നിലയ്ക്കുകയായിരുന്നു.ഇതിനാൽ ഈ ഭാഗത്തെ കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്.മണിമലയാറിനെക്കാൾ ഉയർന്നാണ് മധുരപുഴയാറിന്റെ അടിത്തട്ട്.ഇപ്പോൾ മഴക്കാലത്തു മാത്രമേ വെള്ളം ഒഴുകാറുള്ളു.


വർഷങ്ങൾക്ക് മുൻപ് ചെറുവള്ളങ്ങളുടെ മത്സരം വരെ മധുരംപുഴയാറ്റിൽ നടത്തിയിട്ടുണ്ട്. ഈ ഭാഗത്ത് ചെളിയും കാടും നിറഞ്ഞു. അപൂർമായ ദേശാടന പക്ഷികളും വന്നു പോകാറുള്ള ഇവിടെ ടൂറിസം സാദ്ധ്യതയേറെയാണ്.
വി.ആർ.രാജേഷ്
(കൺവീനർ)

ടൂറിസത്തിനും സാദ്ധ്യത---------

-നീർച്ചാലിന് 7കി.മീ ദൈർഘ്യം

-ഒഴുക്ക് നിലച്ചിട്ട് വർഷങ്ങൾ

-അടിത്തട്ട് ഉയർന്നത്

-വെള്ളമൊഴുകുന്നത് മഴക്കാലത്ത് മാത്രം