പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സർക്കാർ പത്തനംതിട്ട നഗരസഭയ്ക്ക് അനുവദിച്ച തുക ചെലവഴിച്ചതിന്റെ ബില്ലുകൾ ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. 24,21,498 രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചത്. ഇതിന്റെ ബില്ലോ വൗച്ചറുകളോ എസ്റ്റിമേറ്റോ വിനിയോഗ സാക്ഷ്യപത്രമോ കൈപ്പറ്റ് രസീതോ നഗരസഭയിൽ ഹാജരാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.
24 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതിന്റെ കണക്ക് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിലോ നഗരസഭാ കൗൺസിലിലോ അവതരിപ്പിച്ചിട്ടില്ല. 2017ജൂലായ് 15 മുതൽ മുതൽ 2018 ജൂലായ് 31വരെയുള്ള കാലയളവിലാണ് ഫണ്ട് ചെലവാക്കിയത്.