തിരുവല്ല: മത്സരാർത്ഥികളായ വയോജനങ്ങൾ വേദിയിലെത്തി കലാപ്രകടനങ്ങൾ കാഴ്ചവച്ചു. മറ്റുള്ളർ ആവേശം പകർന്നു കാഴ്ചക്കാരായി. ഇരവിപേരൂർ പഞ്ചായത്തിലെ അംഗൻവാടി കേന്ദ്രീകരിച്ച് വയോജനങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള സായംപ്രഭ ക്ലബ് അംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ കലോത്സവം നാട്ടുകാർക്ക് വേറിട്ട അനുഭവമായി. ഉദ്ഘാടക വീണാ ജോർജ്ജ് എം.എൽ.എ എത്തുമ്പോൾ നാടൻപാട്ട് മത്സരം വേദിയിൽ അരങ്ങേറുകയാണ്. കാണികളോടൊപ്പം കൈത്താളമിട്ട് കൂടിയ എം.എൽ.എയും പാട്ട് പാടണമെന്നായി വയോജനങ്ങൾ. 'കദളി ചെങ്കതളി പൂവേണോ' എന്ന ഗാനം എം.എൽ.എ പാടിയതോടെ ചിലർ പാട്ടിനൊപ്പം നൃത്തം ചവിട്ടിയും അരങ്ങു കൊഴുപ്പിച്ചു. 28പേർ പങ്കെടുത്ത ലളിതഗാനവും എട്ടു ഗ്രൂപ്പുകൾ മാറ്റുരച്ച നാടൻപാറ്റുമെല്ലാം സദസിനെ കൈയിലെടുത്തു. വയോജനങ്ങളെ സംരക്ഷിക്കാത്ത മക്കളുടെ കഥ പറഞ്ഞ നാടകം ഒന്നാംസ്ഥാനം നേടിയപ്പോൾ മതസൗഹൃദത്തിന്റെ സന്ദേശം ഉൾക്കൊണ്ട് ഫാ.ജേക്കബ് മണ്ണുമ്പുറം നയിച്ച നാടകം രണ്ടാംസ്ഥാനം നേടി. കൊയ്ത്തുപാട്ട്, ഞാറ്റുപാട്ട്, പ്രച്ഛന്നവേഷം, തിരുവാതിര, എന്നിങ്ങനെയായിരുന്നു മറ്റ് മത്സരങ്ങൾ. മത്സരാർത്ഥികളിൽ പ്രായംകുടിയ രണ്ടുപേരെയും പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ് സൂപ്രവൈസർ ലതാകുമാരിയേയും എം.എൽ.എ ആദരിച്ചു. പഞ്ചായത്തിലെ 27 അംഗൻവാടികളിലേയും പങ്കാളിത്തത്തോടെ 9 ഇനങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.സായംപ്രഭ അംഗങ്ങൾക്കായി കൂടിയ ഗ്രാമസഭയിൽ കലോത്സവം എന്ന ആവശ്യം ഉയർന്നതോടെ വാർഷികപദ്ധതിയുടെ ഭാഗമായും സ്‌പോൺസർഷിപ്പിലൂടെയും ഫണ്ട് കണ്ടെത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് അനസൂയദേവി, വൈസ് പ്രസിഡന്റ് അഡ്വ.എൻ.രാജീവ്,സായംപ്രഭ ക്ലബിന്റെ പഞ്ചായത്ത് പ്രസിഡന്റ് എം.ടി രാജപ്പൻ, മെമ്പർമാരായ സാബു ചക്കുംമൂട്ടിൽ, പ്രസന്നകുമാർ,എൽ.പ്രജിത, മേഴ്‌സിമോൾ, ജയപാലൻ, സാലി ജേക്കബ്,ശശിധരൻപിള്ള, വി കെ.ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.