പത്തനംതിട്ട: ജില്ലാ കഥകളി ക്ലബിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. നാട്യഭാരതി അവാർഡ് കഥകളി ചെണ്ട കലാകാരൻ കലാഭാരതി ഉണ്ണികൃഷ്ണന് ലഭിച്ചു. 25000 രൂപയാണ് അവാർഡ് തുക. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി കഥകളി രംഗത്തു പ്രവർത്തി ക്കുന്ന തിരുവല്ല സ്വദേശിയായ ഉണ്ണികൃഷ്ണൻ കഥകളി ചെണ്ട ആചാര്യൻ ആയാകുട്ടി കുട്ടപ്പമാരാരാശാന്റെ മകനാണ്. കഥകളി സംഗീതത്തിനുള്ള അയിരൂർ സദാശിവൻ അവാർഡിന് ( 10,000 രൂപ), കലാമണ്ഡലം രാജേഷ് മേനോൻ അർഹനായി. കൽക്കത്ത ശാന്തിനികേതനത്തിലെ വിശ്വഭാരതി സർവകലാശാലയിലെ കഥകളി സംഗീതാദ്ധ്യാപകനായ രാജേഷ് മേനോൻ കഥകളി സംഗീതജ്ഞൻ മാടമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ശിഷ്യനാണ്. കഥകളി സാഹിത്യത്തിനുള്ള അയിരൂർ രാമൻപിള്ള അവാർഡ് (10,000 രൂപ)ഡോ. മനോജ് കൂറൂറിന് ലഭിക്കും. കഥകളി ചെണ്ട വിദഗ്ദ്ധൻ കുറൂർ വാസുദേവൻ നമ്പൂതിരിയുടെ മകനാണ് കവിയും നോവലിസ്റ്റും ആട്ടക്കഥാകൃത്തുമായ മനോജ് കുറൂർ . സാഹിത്യ നിരൂപണത്തിനുള്ള പ്രൊഫ. എസ്. ഗുപ്തൻനായർ അവാർഡ് ( 11,111 രൂപ) ഡോ. പി. കെ. രാജശേഖരനും ലഭിച്ചു. ജനുവരി 6 ന് നടക്കുന്ന കഥകളിമേളയുടെ ഉദ്ഘാടന സമ്മേളനത്തിലും 15 ന് നടക്കുന്ന സമാപന സമ്മേളനത്തിലുമായി അവാർഡുകൾ നൽകും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വി. എൻ. ഉണ്ണി,സെക്രട്ടറി വി. ആർ. വിമൽരാജ്,ജനറൽ കൺവീനർ പ്രസാദ് കൈലാത്ത് എന്നിവർ പങ്കെടുത്തു.