പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ റോഡ് നിർമ്മാണം ആകെ കുഴയുന്നു. റോഡിൽ നിരത്തിയ ലോക്ക് കട്ടകളാണ് പ്രശ്നം. സെൻട്രൽ ജംഗ്ഷനിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുവെന്ന പരാതിയെ തുടർന്ന് ലോക്ക് കട്ടകൾ തിരിച്ചിടാനായിരുന്നു പൊതുമരാമത്തിന്റെ ഇന്നലത്തെ ശ്രമം. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ വന്ന യുവതി ഇവിടെ വീണതോടെയാണ് കട്ടയ്ക്കെതിരെ പ്രതിഷേധം തുടങ്ങിയത്. ലോക്ക് കട്ടകളിൽ വാഹനം കയറുമ്പോൾ തെന്നുന്നെന്നായിരുന്നു ആരോപണം. ഇത് ഒഴിവാക്കാൻ സിമന്റും പാറപ്പൊടിയും ചേർത്ത മിശ്രിതം കട്ടകൾക്ക് മുകളിൽ ഒഴിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ഒടുവിൽ കട്ട തിരിച്ചിടാമെന്നും ഇങ്ങനെയായാൽ തെന്നില്ലെന്നുമായി പൊതുമരാമത്ത് അധികൃതർ.
പൈപ്പ് ലൈനുകൾ കടന്നു പോകുന്നതിനാൽ ഇവിടം ടാർ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. ഇടയ്ക്ക് പൊളിക്കേണ്ടി വരുമെന്നതിനാൽ ലോക്ക് കട്ടകളാണ് ഉചിതം.
റോഡ് പണി കരാറുകാർക്ക് നൽകിയതിനാൽ ലോക്ക് കട്ട തിരിച്ചിടുന്നത് പൊതുമരാമത്തിന്റെ ചെലവിലല്ല. കരാറുകാർക്കാണ് നഷ്ടം സംഭവിക്കുക.
------------------
ഇന്നും ഗതാഗതം മുടങ്ങും
സെൻട്രൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ റോഡ് പണി നടക്കുന്നതിനാൽ ഇന്നും ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ യാത്ര മുടങ്ങും. ഇരുചക്ര വാഹനങ്ങൾ പഴ ബസ് സ്റ്റാൻഡ് വഴിയും കോളേജ് റോഡ് വഴിയും തിരിച്ചുവിടും. നാളെ മുതൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് പി.ഡബ്യൂ.ഡി അധികൃതർ പറഞ്ഞു. വലിയ ഗതാഗതകുരുക്കാണ് റോഡ് പണി മൂലം ഉണ്ടാകുന്നത്.
-----------------------
ചെലവ് 25 ലക്ഷം
ഇരുപത്തഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് ഒന്നരമാസം മുമ്പ് പൊതുമരാമത്ത് അധികൃതർ സെൻട്രൽ ജംഗ്ഷനിൽ ലോക്ക് കട്ടകൾ പാകിയത്. മിനുസമുള്ള ഭാഗം അടിയിലാക്കി ഗ്രിപ്പുള്ള ഭാഗം മുകളിലാക്കിയാണ് ഇപ്പോൾ പണി പുരോഗമിക്കുന്നത്. ഇതിന് മുകളിൽ സിമന്റ് കലക്കി ഒഴിക്കുകയും ചൂല് കൊണ്ട് വരയുകയും ചെയ്യുന്നുണ്ട്. ഇത് അശാസ്ത്രീയമാണെന്നും അപകടത്തിനിടയാക്കുമെന്നും പരാതിയുണ്ട്.