mannu

പത്തനംതിട്ട: കൃഷിഭൂമിയിലെ മണ്ണിന്റെ ഗുണവും ഘടനയും പരിശോധിക്കാനുള്ള ആധുനിക മൊബൈൽ പരിശോധന ലാബ് വെയിലും മഴയുമേറ്റ് നശിക്കുന്നു. പന്തളം കടയ്ക്കാട് മണ്ണ് പരിശോധന കേന്ദ്രത്തിന്റെ മുറ്റത്ത് ടാർപ്പോളിൻ മൂടി ഇട്ടിരിക്കുകയാണ് 48ലക്ഷം രൂപ വിലയുളള ആധുനിക സ്കാനിയ മോഡൽ ബസ്. ഇതിനുളളിൽ ആധുനിക ഉപകരണങ്ങളോടുകൂടിയ ലാബാണുളളത്. മണ്ണിന്റെ ഗുണവും ഘടനയും സ്ഥലത്ത് പോയി പരിശോധിക്കുന്നതിന് ജില്ലയ്ക്ക് അനുവദിച്ചതാണ് ബസ്. കേന്ദ്ര സർക്കാരാണ് ബസ് വാങ്ങി ലാബ് സജ്ജീകരിക്കാനുളള തുക അനുവദിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മണ്ണ് പരിശോധനയ്ക്കുളള മൊബൈൽ ബസ് പന്തളത്തെ മണ്ണ് പരിശോധന കേന്ദ്രത്തിലെത്തിയത്. എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും ബസ് ഒാടിക്കാൻ സ്ഥിരം ഡ്രൈവറെ നിയമിച്ചിട്ടില്ല. . ഒട്ടേറെ ആധുനിക ഉപകരണങ്ങളുളള ബസ് സുരക്ഷിതമല്ലാത്ത രീതിയിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ബസ് കയറ്റിയിടാൻ സ്ഥിരം ഷെഡ് നിർമ്മിച്ചിട്ടില്ല. സെക്യുരിറ്റി ജീവനക്കാരുമില്ല. മണ്ണ് പരിശോധന കേന്ദ്രത്തിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്ന ബസിന്റെ ചുറ്റും കാട് വളർന്നു കൊണ്ടിരിക്കുകയാണ്. മഴയും വെയിലുമേറ്റ് തുരുമ്പെടുക്കുന്ന സ്ഥിതിയിലാണ് ബസ്.

------------------------------

അത്യാധുനികം, പക്ഷേ..

@ ഒരേസമയം 24മണ്ണ് സാമ്പിളുകൾ വരെ പരിശോധിക്കാം

@ അപേക്ഷ ലഭിച്ചാൽ സ്ഥലത്ത് പോയി മണ്ണ് പരിശോധിക്കണമെന്നാണ് ചട്ടം. എന്നാൽ, നീളവും ഉയരവുമുളള ബസ് ഇടുങ്ങിയ വഴികളിലും മരങ്ങളുളള ഭാഗങ്ങളിലും എത്തില്ല. അതുകൊണ്ട് മൊബൈൽ ബസിൽ സ്ഥലത്തെത്തി മണ്ണ് പരിശോധന വളരെ കുറവാണ്

@ കൃഷിഭവനുകളുടെ ക്ഷണമനുസരിച്ച് ബസിന് എത്താവുന്ന സ്ഥലത്ത് ചെന്ന് മണ്ണ് പരിശോധന ക്യാമ്പ് നടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്.ഇതുവരെ നൂറോളം പരിശോധനകളാണ് നടന്നിട്ടുളളത്.

മണ്ണിന്റെ സാമ്പിളുമായി പരിശോധന കേന്ദ്രത്തിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്.

1വർഷം 3000 സാമ്പിളുകളാണ് പരിശോധിക്കുന്നത്.