പത്തനംതിട്ട : വാട്ടർ അതോറിട്ടിയുടെ ജലവിതരണ പൈപ്പുകളിൽ ചോർച്ച ശ്രദ്ധയിൽപ്പെട്ടാലുടൻ പരിഹാരമെന്ന് വാട്ടർ അതോറിട്ടി. പത്തനംതിട്ട നഗരത്തിൽ സെൻട്രൽ ജംഗ്ഷനിൽ പൈപ്പുപൊട്ടി തുടർച്ചയായി 7 മാസത്തോളം വെള്ളം ഒഴുകിയപ്പോൾ മനുഷ്യാവകാശ പ്രവർത്തകൻ ബാലൻ വല്ലന ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്നും നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ബാലൻ ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ വിചാരണ വേളയിൽ ഹാജരായ അസി. എൻജിനീയർ നൽകിയ റിപ്പോർട്ടിൽ പൈപ്പിൽ ഉണ്ടാകുന്ന ചോർച്ചകൾ ശ്രദ്ധയിൽപ്പെട്ടാലുടൻ പരിഹരിക്കാമെന്ന് ഉറപ്പുനൽകി. തുടർനടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട ബാലൻ പരാതി പിൻവലിച്ചിട്ടുണ്ട്.