സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും വജ്രജൂബിലി ആഘോഷവും 21ന്
തിരുവല്ല: ആറ് പതിറ്റാണ്ടുകൾ പിന്നിടുന്ന പുഷ്പഗിരി ആശുപത്രിയുടെ വജ്രജൂബിലി ആഘോഷം 21ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. കർദ്ദിനാൾ ബസേലിയോസ് ക്ളീമ്മീസ് കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷത വഹിക്കും. ജോസഫ് മാർത്തോമ്മാ മെത്രാപോലിത്ത അനുഗ്രഹപ്രഭാഷണം നടത്തും. പുഷ്പഗിരി സ്ഥാപനങ്ങളുടെ രക്ഷാധികാരി ഡോ.തോമസ് മാർ കൂറിലോസ്, ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, ഒ.രാജഗോപാൽ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് ചലച്ചിത്ര പിന്നണിഗായകൻ എം.ജി ശ്രീകുമാർ,ശ്രേയ ജയദീപ് എന്നിവരുടെ സംഗീതസന്ധ്യയും കോട്ടയം നസിറിന്റെ നേതൃത്വത്തിൽ കോമഡിഷോയും ഉണ്ടായിരിക്കും. മദ്ധ്യകേരളത്തിൽ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യപരിപാലന സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് അവരുടെ ആരോഗ്യ പരിചരണത്തിന് പ്രത്യേകശ്രദ്ധ നൽകുന്നതിനായി 1959 ഓഗസ്റ്റ് 15നാണ് എട്ടു കിടക്കകളുമായി പുഷ്പഗിരി ആശുപത്രിയുടെ തുടക്കം. 60 വർഷം പിന്നിടുമ്പോൾ 900 കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി പുഷ്പഗിരി വളർന്നു. ബിരുദ, ബിരുദാനന്തര ഗവേഷണ ബിരുദങ്ങൾ നൽകുന്ന മെഡിക്കൽ,ദന്തൽ, ഫാർമസി,നഴ്സിംഗ് കോളേജുകളും ഗവേഷണകേന്ദ്രവും വൈദ്യശാസ്ത്ര അനുബന്ധ തൊഴിൽ പരിശീലനകേന്ദ്രവും ഉൾപ്പെടുന്ന മദ്ധ്യകേരളത്തിലെ പ്രമുഖ ആതുരശുശ്രുഷ കേന്ദ്രമായി പുഷ്പഗിരി മാറി. മൂവായിരത്തിലധികം കുടുംബങ്ങൾക്ക് പ്രത്യക്ഷമായും ആറായിരത്തിലധികം കുടുംബങ്ങൾക്ക് പരോക്ഷമായും ഇവിടെ തൊഴിൽ നൽകുന്നു. ജൂബിലി വർഷത്തിൽ 6 കിഡ്‌നി ട്രാൻസ്പ്ലാന്റുകൾ, 60സർജറികൾ,600ഡയാലിസിസ്, 6000 മരുന്ന് കിറ്റുകൾ,60000 രോഗനിർണയ പരിശോധനകൾ എന്നിവ സൗജന്യമായി സമീപവാസികൾക്കും സാധാരണക്കാർക്കും പരിമിതികളുള്ളവർക്കുമായി പുഷ്പഗിരി നൽകുന്നു. ഇതോടൊപ്പം 21ന് രാവിലെ എട്ടുമുതൽ തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. 40വിദഗ്ദ്ധർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ ക്യാമ്പിനു നേതൃത്വം നൽകും.സൗജന്യ പരിശോധനകളും മരുന്ന് വിതരണവും ഉണ്ടാകുമെന്നും പുഷ്പഗിരി സ്ഥാപനങ്ങളുടെ സി.ഇ.ഒ ഫാ.ജോസ് കല്ലുമാലിക്കൽ,ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പരിയാരത്ത് എന്നിവർ അറിയിച്ചു. ബുക്കിങ്ങിന് ഫോൺ: 70349 38888.