pipe
പെരിങ്ങനാട് തൃശ്ചേന്ദ്രമംഗലം മഹാദേവർ ക്ഷേത്രത്തിന് സമീപം പൈപ്പ് പൊട്ടി രൂപം കൊണ്ട ജലധാര

അടൂർ: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഒന്നര മാസമായി പാഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം. പെരിങ്ങനാട് വഞ്ചിമുക്കിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള പാതയിൽ പെരിങ്ങനാട് പോസ്റ്റ് ഓഫീസിന് പിന്നിലായാണ് നാട്ടുകാർക്ക് സർക്കാർ ചെലവിൽ എല്ലാ ദിവസവും ജലധാര പ്രത്യക്ഷമാകുന്നത്. നവംബർ ആദ്യവാരം ഇവിടെ പൈപ്പ് പൊട്ടിയതാണ്. ആർക്കും പ്രയോജനമില്ലാതെ ആയിരകണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത് കണ്ട് നാട്ടുകാരും വാർഡ് മെമ്പറും വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വരൾച്ച തുടങ്ങിയതോടെ പൈപ്പുവെളളത്തെ ആശ്രയിച്ചു കഴിയുന്ന നൂറ് കണക്കിന് ഉപയോക്തക്കൾക്ക് ഇതുകാരണം വെള്ളംകിട്ടാത്ത സ്ഥിതിയാണ്. മെയിൻ പൈപ്പ് ലൈൻ ആയതിനാൽ രാവിലെ നല്ല പ്രഷർ ഉള്ള സമയം വെള്ളം ഉയരത്തിൽ പൊങ്ങി വൈദ്യുതി ലൈനിൽ മുട്ടിയാണ് ചിതറി തെറിക്കുന്നത്. ഇത് അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.സമീപത്തുള്ള വീട്ടുകാർ പൈപ്പുപൊട്ടിയ ഭാഗത്ത് വലിയ കല്ലുകൾ ഉപയോഗിച്ചു വെള്ളം ഉയരത്തിൽ തെറിക്കുന്നത് നിയന്ത്രിച്ചിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്.