കോഴഞ്ചേരി : സെന്റ് തോമസ് കോളേജിൽ നടന്ന എസ്.എഫ്.ഐ.​- എ.ബി.വി.പി. സംഘട്ടനം കോഴഞ്ചേരി ടൗണിലേക്കും വ്യാപിച്ചു. ചൊവ്വാഴ്ച ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നലെ രാവിലെ എസ്.എഫ്.ഐ.യൂണിറ്റ് സെക്രട്ടറി ജിതീബ്, പ്രസിഡന്റ് ജോയൽ, ഗോഡ്‌​വിൻ എന്നിവരെ എ.ബി.വി.പിക്കാർ മർദ്ദിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ. പ്രകടനം നടത്തി. ഇതിനിടെ ഇവർ നാല് എ.ബി.വി.പി. പ്രവർത്തകരെ മർദ്ദിച്ചെന്ന് ജില്ലാ പ്രസിഡന്റ് ഗോകുൽ പ്രസാദ് ആരോപിച്ചു. എസ്.എഫ്.ഐ. പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ എ.ബി.വി.പി. യിലെ ജയകൃഷ്ണൻ, നന്ദേഷ്, ഇന്ദുചൂഡൻ, സുധി സുരേന്ദ്രൻ എന്നിവരെ മർദ്ദിച്ചതായും ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണന്നും ഗോകുൽ പ്രസാദ് പറഞ്ഞു. തടസംപിടിക്കാനെത്തിയ ജില്ലാ സെക്രട്ടറി എസ്.സന്ദീപിനും മർദ്ദനമേറ്റതായി എ.ബി.വി.പി. ആരോപിച്ചു. പ്രകടനം കഴിഞ്ഞെത്തിയ പ്രവർത്തകർ സി.പി.എം ലോക്കൽ കമ്മറ്റി ഓഫീസിലിരിക്കെ ബി.എം.എസ്.തൊഴിലാളികൾ അടങ്ങുന്ന സംഘം മാരകായുധവുമായെത്തി ഓഫീസിന് കല്ലെറിഞ്ഞതായി കോഴഞ്ചേരി ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ ആരോപിച്ചു. സമരവും സംഘർഷവും വ്യാപിക്കും മുമ്പ് ആറന്മുള ഇൻസ്‌​പെക്ടർ ജി.സന്തോഷ്​കുമാർ, കോയിപ്രം ഇൻസ്‌​പെക്ടർ ജി.രതീഷ്​കുമാർ എന്നിവരുടെ നേതൃത്വത്തിലുളള സംഘം സ്ഥലത്ത് എത്തിയതിനാൽ സ്ഥിതിഗതികൾ ശാന്തമായി. വൈകിട്ട് അഞ്ച് മണിയോടെ ഇരുകൂട്ടരും വീണ്ടും പ്രകടനമായെത്തി. ബി.ജെ.പി.പ്രകടനത്തെ പൊയ്യാനിൽ പ്ലാസയ്ക്ക് സമീപം റോഡിന് കുറുകെ പൊലീസ് ബസ് നിറുത്തിയിട്ട് തടഞ്ഞു. സി.പി.എം. പ്രവർത്തകർ ഇതിന് ശേഷം പൊയ്യാനിൽ ജംഗ്ഷൻ വഴി ടൗണിലേക്ക് പ്രകടനം നടത്തി.