പത്തനംതിട്ട : ഇരുപത്തിയാറാമത് അയിരൂർ ശ്രീനാരായണ കൺവെൻഷൻ 22 മുതൽ 25 വരെ അയിരൂർ പുത്തേഴം ശങ്കരോദയ മഹാദേവക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കിയ കൺവെൻഷൻ നഗറിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെ സഹകരണത്തോടെയാണ് കൺവെൻഷൻ നടക്കുന്നത്.
രാവിലെ 8.30ന് അയിരൂർ ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബു രാജൻ പതാക ഉയർത്തും. 9 മുതൽ ഭക്തിഗാനസുധ. 10.30ന് സമ്മേളനം ആരംഭിക്കും. ശിവഗിരിമഠം ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എൻ. ബാബു രാജൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പി.ടി.മന്മദൻ മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ പ്രഭാഷണം നടത്തും.
647ാം കോഴഞ്ചേരി ശാഖാ പ്രസിഡന്റ് എൻ.എൻ പ്രസാദ്, കോഴഞ്ചേരി യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ മുളമൂട്ടിൽ, സുഗതൻ പൂവത്തൂർ, 250ാം ശാഖാ വൈസ് പ്രസിഡന്റ് ബി.പ്രസാദ് എന്നിവർ സംസാരിക്കും.
ഉച്ചയ്ക്ക് 2ന് സാഹിത്യസമ്മേളനം കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് എം.വി.വിജയൻ ഉദ്ഘാടനം ചെയ്യും. 2322ാം ശാഖാ സെക്രട്ടറി മോഹൻ പട്ടാഴി അദ്ധ്യക്ഷത വഹിക്കും. 2.30ന് കുട്ടികളുടെ സാഹിത്യമത്സരം ആരംഭിക്കും.
23ന് രാവിലെ 10ന് വനിതാസമ്മേളനം യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2ന് യുവജനസമ്മേളനം പന്തളം യൂണിയൻ സെക്രട്ടറി ജോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. ആര്യാട് ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ വിജയലാൽ നെടുങ്കണ്ടം മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ സോണി പി. ഭാസ്കർ, എൻ.എൻ.രാജൻ കുഴിക്കാല, പഞ്ചായത്ത് കമ്മിറ്റി അംഗം ജിനുദാസ് എന്നിവർ സംസാരിക്കും.
24ന് ശ്രീനാരായണ ധർമ പ്രബോധനവും ധ്യാനവും സർവൈശ്വര്യ പൂജയും യജ്ഞാചാര്യൻ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമമഠം മഠാധിപതി ശിവബോധാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ നടക്കും. 10ന് ആചാര്യവരണം. പന്തളം യൂണിയൻ കൗൺസിലർ രേഖാ അനിൽ ധ്യാനസന്ദേശം നൽകും. വൈകിട്ട് 4ന് സർവൈശ്വര്യപൂജ.
25ന് സമാപന സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹനബാബു അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി പി.എസ്.വിജയൻ, ഐ.ടി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാഖേഷ്, യൂണിയൻ കൗൺസിലർ സിനു എസ്. പണിക്കർ എന്നിവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹനബാബു, അയിരൂർ ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബു രാജൻ, സെക്രട്ടറി പി.എസ്.ദിവാകരൻ, കമ്മിറ്റിയംഗങ്ങളായ ലക്ഷ്മിക്കുട്ടിയമ്മ, രത്നമ്മ രാജൻ, വിജയൻ കാക്കനാടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.