ശബരിമല : മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് 27ന് സന്നിധാനത്ത് മണ്ഡലപൂജ നടക്കും.
23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്രയെ 26ന് വൈകിട്ട് . ശരം കുത്തിയിൽ ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.26 ന് സൂര്യഗ്രഹണമായതിനാൽ രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും. തുടർന്ന് ശുദ്ധികലശവും പുണ്യാഹവും കഴിഞ്ഞ് ദർശനത്തിനായി നട തുറക്കും..
27ന് പുലർച്ചെ മൂന്നിന് നിർമ്മാല്യ ദർശനം. 3.15 മുതൽ രാവിലെ 9.30 വരെ മാത്രമാണ് അന്ന് നെയ്യഭിഷേകം . രാവിലെ 10നും 11.40 നും മദ്ധ്യേ കുംഭം രാശി മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുളള മണ്ഡല പൂജ. വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 9.30ന് അത്താഴപൂജ, ഹരിവരാസനം പാടി 11ന് നട അടയ്ക്കുന്നതോടെ 41നാൾ നീണ്ടു നിന്ന മണ്ഡലകാലത്തിന് .സമാപനമാകും. മകരവിളക്ക് പൂജകൾക്കായി 30നു വൈകിട്ട് വീണ്ടും നട തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്.
മണ്ഡലപൂജയ്ക്ക് ഏഴ് ദിവസം ബാക്കി നിൽക്കെ സന്നിധാനത്ത് തീർത്ഥാടകരുടെ വൻ തിരക്കാണ്. കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകൾ നീണ്ട ക്യൂ അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. എരുമേലി- കരിമല , വണ്ടിപ്പെരിയാർ- പുല്ലുമേട് വഴിയുള്ള കാനനപാതയിലൂടെയും നിരവധി തീർത്ഥാടകർ എത്തുന്നുണ്ട്. ഇവിടെ വൈകിട്ട് ആറിനു ശേഷം വനം വകുപ്പിന്റെ നിയന്ത്രണമുണ്ട്. കോട്ടയം - കുമളി ദേശീയ പാത വഴി വണ്ടിപ്പെരിയാറിലെത്തുന്ന തീർത്ഥാടകർ സത്രം, ഉപ്പുപാറ, പുല്ലുമേട് വഴിയും സന്നിധാനത്തെത്തുന്നുണ്ട്. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമേ ഇൗ വഴിയിലൂടെ തീർത്ഥാടകരെ കടത്തിവിടൂ.