പത്തനംതിട്ട: ചെന്നീർക്കരയിൽ വീടിന് പുറത്തുള്ള അടുക്കളയ്ക്ക് തീപിടിച്ചു. രമ്യാഭവനിൽ ബാലൻപിള്ളയുടെ വീടിന് സമീപമുള്ള അടുക്കളയാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ 11.15ന് ആയിരുന്നു സംഭവം. അടുക്കളയോട് ചേർന്ന് ഒരുമുറികൂടി ഇവിടുണ്ട്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഇരുന്നൂറിലധികം റബർഷീറ്റുകൾ കത്തിനശിച്ചു. പുതിയ വീടുവച്ചതിന് ശേഷം ഇവിടെയുള്ള വിറക് അടുപ്പിലായിരുന്നു വീട്ടുകാർ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഇന്നലെ പതിവുപോലെ വിറകടുപ്പ് കത്തിച്ചപ്പോൾ റബർഷീറ്റുകളിലേക്ക് തീപടരുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
അടുക്കള പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു.