ചെങ്ങന്നൂർ: ഗതാഗത നിയമലംഘനം പകർത്താനെന്ന പേരിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രം പകർത്തുന്നത് വ്യാപകമാകുന്നു. ഇരുചക്ര വാഹനത്തിൽ പിൻ സീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കുകയും ഹെൽമറ്റ് ധരിക്കാത്തതും മറ്റ് നിയമ ലംഘനം നടത്തുന്നതുമായ ചിത്രങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി എടുക്കാൻ തുടങ്ങുകയും ചെയ്തതോടെ പടം എടുപ്പ് വീരൻമാർക്ക് ചാകരയായി.മിക്കവരും ഹെൽമറ്റ് ധരിച്ചാണ് വാഹനം ഓടിക്കുന്നതെങ്കിലും ചില പിൻ സീറ്റ് യാത്രക്കാർക്ക് ഇപ്പോഴും ഹെൽമറ്റില്ല.ഇത്തരത്തിൽ സ്ത്രീകൾ സഞ്ചരിക്കുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പടവും വീഡിയോയും പകർത്തി പ്രചരിപ്പിക്കുന്ന സംഘമാണ് വ്യാപിക്കുന്നത്.തിരക്കേറിയ നഗരത്തിൽ വേഗത കുറച്ച് സഞ്ചരിക്കുമ്പോഴും മറ്റ് റോഡുകളിൽ കാറുകളിലും മറ്റും പിന്നാലെ എത്തിയുമാണ് ചിത്രം പകർത്തുന്നത്. ചോദ്യം ചെയ്താൽ നിയമ ലംഘനം കണ്ടില്ലെ എന്ന മറുപടിയിൽ പൂവാലൻമാർ രക്ഷപ്പെടുകയാണ്.ഇത്തരം ചിത്രങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയും ഏറെയാണ്.